പത്തനംതിട്ട: ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് 1 കോടിയിലേറെ വില മതിയ്ക്കുന്ന ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്. വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്.
വള്ളക്കടവ് കുമ്പനാട് റോട്ടിൽ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. യാത്രികരിൽ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയച്ചത്.
തിരുവല്ല വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം വളരെ വേഗത്തിൽ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കുകയും പിഴയും ഈടാക്കുകയും ചെയ്യും. കൂടാതെ നല്ല നടപ്പിനായി രണ്ട് പേരെയും എടപ്പാളിലുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്ന് എം വി ഡി അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട ആര് ടി ഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളുടെയും ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എം വി ഡി അറിയിച്ചത്. ഒരാൾ തിരുവല്ല മഞ്ഞാടി സ്വദേശിയും മറ്റൊരാൾ പത്തനംതിട്ട കുമ്പഴ സ്വദേശിയുമാണ്.