തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി നല്കിയ ടി വി പ്രശാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
പ്രാഥമികമായ ചില വിവരങ്ങളാണ് പ്രിന്‍സിപ്പല്‍ ഡിഎംഇയ്ക്ക് നല്‍കിയിട്ടുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു തരത്തിലും അങ്ങനെയുള്ള ഒരാളെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.
പെട്രോള്‍ പാമ്പിന്റെ അപേക്ഷകന് പ്രശാന്തന് ആണോ എന്ന് അറിയില്ലെന്നും സംഭവത്തിന് ശേഷം അയാള്‍ ജോലിക്ക് വരുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്ത് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഇനി റെഗുലറൈസ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
വിഷയത്തില്‍ നിയമ ഉപദേശവും ഡിഎംഇയോടും സൂപ്രണ്ടിനോടും റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നാളെ പരിയാരത്ത് പോകുമെന്നും മന്ത്രി പറഞ്ഞു.