ന്യൂ ഡൽഹി: മെറ്റയ്ക്ക് ഇന്ത്യയില്‍ 213 കോടി രൂപ പിഴ. പ്രൈവസി പോളിസി ലംഘനവും അനാരോഗ്യപരമായ വിപണി മത്സരവുമാണ് ഈ തിരിച്ചടിക്ക് കാരണം. തുടർന്ന് രാജ്യത്തെ വിപണി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ പിഴ ചുമത്തി.
2021 ലാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ മെറ്റ വിവാദപരമായ മാറ്റം വരുത്തിയത്. 2021ലെ അപ്ഡേറ്റോടെ ഡാറ്റ ഷെയറിംഗ് വാട്സ്ആപ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു അതുവഴി ആപ്പ് വ്യക്തിവിവരങ്ങള്‍ വിശദമായി ശേഖരിക്കുമെന്നും മറ്റ് മെറ്റ കമ്പനികളുമായി ഇത് പങ്കുവെയ്ക്കുമെന്നും അതനുവദിച്ചാൽ മാത്രമേ വാട്സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയൂ എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ ലഭിച്ച നോട്ടിഫിക്കേഷന്‍. പ്രൈവസി പോളിസിയുടെ മറവില്‍ മെറ്റ കൃത്രിമം കാട്ടിയതായി കമ്മീഷന് കണ്ടെത്തി. വാട്സ്ആപ്പ് വഴി ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ പരസ്യത്തിനായി മെറ്റയുടെ മറ്റ് കമ്പനികളുമായി പങ്കുവെച്ചിരുന്നു. ഇത് ഇന്ത്യയിലെ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയാണ് മെറ്റ. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ രംഗത്ത് പ്രബലരാകുന്നതിന് നടത്തുന്ന നിയമവിരുദ്ധ ശ്രമത്തില്‍ നിന്ന് മെറ്റ വിട്ടനില്ക്കണം എന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു.