ന്യൂഡല്‍ഹി: റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ രാഹുല്‍ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷവാനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യ സഖ്യം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. യു.പിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ പ്രിയങ്ക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഒരു സഹോദരിയെന്ന നിലയില്‍ എന്റെ സഹോദരന് സന്തോഷത്തോടെ ഇരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിവാഹിതനായും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ആഗ്രഹിക്കുന്നു’ പ്രിയങ്ക പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യ സഖ്യ തീരുമാനിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സംഘര്‍ഷം;യദുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്
‘ഞങ്ങള്‍ രാജ്യത്തൊട്ടാകെ പ്രചാരണത്തിലാണ്. ഞാനിവിടെ 15-ദിവസമായി ഉണ്ട്. അമേഠിയിലും റായ്ബറേലിയിലും ആരെങ്കിലും പ്രചാരണത്തിന് വേണം. ഞങ്ങള്‍ ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങള്‍ക്ക് കുടുംബബന്ധമുണ്ട്. ഇവിടെ അവര്‍ ഞങ്ങളെ പ്രതീക്ഷിക്കുന്നു’. – പ്രിയങ്ക പറഞ്ഞു.
യു.പിയില്‍ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് അഭിമാനപോരാട്ടമാണ്. ഏതെങ്കിലും മണ്ഡലങ്ങളില്‍ പ്രിയങ്ക സ്ഥാനാര്‍ഥിയായി വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരി ലാല്‍ ശര്‍മയെ അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കി.
അമേഠിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലത്തില്‍ കളത്തിലിറക്കിയ കിഷോരി ശര്‍മ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥന് കൂടിയാണ്. തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മേയ് 20-നാണ് അമേഠിയിലേയും റായ്ബറേലിയിലേയും വോട്ടെടുപ്പ്.