മാനന്തവാടി: രാജ്യത്തിന് വേണ്ടത് വിദ്വേഷത്തിന്റെയല്ല, സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. മാനന്തവാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ ആലിഗനം ചെയ്തയാളാണ് പ്രിയങ്ക. നളിനിയെ കണ്ട ശേഷം അവരെ കുറിച്ചോര്‍ത്താണ് വിഷമമെന്നാണ് സഹോദരി പറഞ്ഞത്. അതാണ് പ്രിയങ്കക്ക് ലഭിച്ച പരിശീലനം. അത്തരത്തിലുള്ള സ്നേഹത്തിന്റെ രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ന് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പോരാട്ടം ഭരണഘടനക്ക് വേണ്ടിയുള്ളതാണ്. രാജ്യത്തിന്റെ മഹത്വം ഉത്ഭവിക്കുന്നത് ഭരണഘടനയില്‍ നിന്നാണ്. ഭരണഘടന എഴുതപ്പെട്ടത് ദേഷ്യവും വിദ്വേഷവും ധാര്‍ഷ്ട്യവും കൊണ്ടല്ല. മറിച്ച് വിനയത്തോടും സ്നേഹത്തോടും ഇഷ്ടത്തോടും കൂടിയാണ് ഭരണഘടന നിര്‍മ്മിച്ചത്. ഇന്ന് നമ്മള് നടത്തുന്ന പോരാട്ടം സ്നേഹവും വെറുപ്പും തമ്മിലാണ്, ആത്മവിശ്വാസവും അരക്ഷിതാവസ്ഥയും തമ്മിലാണ്. വിനയവും ധാര്‍ഷ്ട്യവും തമ്മിലാണ്. ഈ പോരാട്ടത്തില്‍ നമ്മള് വിജയിക്കണമെങ്കില്‍ വിദ്വേഷവും കോപവും മാറ്റി അവിടെ സ്നേഹവും വിനയവും നിറക്കണമെന്നും രാഹുല്‍ പറഞ്ഞു.
വയനാടിന് ഏറ്റവും അനുയോജ്യയായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും, വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെ കുറച്ച് പ്രിയങ്ക ഇപ്പോള്‍ തന്നെ നോട്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തനിക്കുവേണ്ടി നിരവധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിന് വേണ്ടിയും മാതാവിനു വേണ്ടിയും വന്നിട്ടുണ്ട്. ഞങ്ങളുടെയൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്‍വീനര്‍ എന്ന സ്ഥാനത്തായിരുന്നു പ്രിയങ്ക ഉണ്ടായിരുന്നത്.
ചെറുപ്പത്തില്‍ പിതാവ് തനിക്കും പ്രിയങ്കയ്ക്കും ഓരോ ക്യാമറകള്‍ വാങ്ങിത്തന്ന് ഫോട്ടോ എടുക്കാന്‍ പറയുകയും മികച്ച ഫോട്ടോ എടുക്കുന്ന ആള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിലെ വിജയി ആരാണെന്ന് ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ ഏറ്റവും താല്പര്യത്തോടെയും ഇഷ്ടത്തോടെയും സമീപിച്ചാല്‍ മാത്രമേ മികച്ച ഫോട്ടോകള്‍ ലഭിക്കുകയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തികളെയും നോക്കിക്കാണുന്നത് ഇതുപോലെയാണ്. ഒരു കര്‍ഷകനെ നോക്കിക്കാണുന്നത് വെറുമൊരു കര്‍ഷകനായല്ല. ഒരച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉള്‍ചേര്‍ന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ഒരു ബിസിനസ്മാനായാലും വ്യാപാരിയായാലും സമൂഹത്തിലെ ഏതു വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതുപോലെയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എം പി, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്, കേന്ദ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പി അനില്‍കുമാര്‍, കോര്‍ഡിനേറ്റര്‍മാരായ ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന് എം എല്‍ എ, സണ്ണി ജോസഫ് എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ, എം ലിജു, ക്ഷമ മുഹമ്മദ്, എന്‍ ഡി അപ്പച്ചന്, സി മമ്മൂട്ടി, അബ്ദുള്‍ റഹ്മാന് കല്ലായി, ആലിപ്പറ്റ ജമീല,പി കെ ജയലക്ഷ്മി, ടി മുഹമ്മദ്, സി പി മൊയ്തീന് ഹാജി, ശ്രീകാന്ത് പട്ടയന്‍, എന്‍ കെ വര്‍ഗീസ്, എ എം നിശാന്ത്, എം ജി ബിജു, പടയന്‍ അഹമ്മദ്, പി വി ജോര്‍ജ്, ജോസ് കളപ്പുര, അഡ്വ. എം വേണുഗോപാല്‍, സില്‍വി തോമസ്, മുഹമ്മദ് കടവത്ത്, അഡ്വ. റഷീദ് പടയന്‍, ജേക്കബ്ബ് സെബാസ്റ്റ്യന്‍, സി കുഞ്ഞബദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.