രാജേഷ് തില്ലങ്കേരി
പി എസ് സി കോഴയാരോപണത്തില്‍ പാര്‍ട്ടി അന്വേഷണത്തോടെ കേസ് അവസാനിക്കുമോ? പി എസ് സി അംഗമായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെന്ന പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണോ? പാര്‍ട്ടി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമോ, പൊലീസും കോടതിയുമൊക്കെ സ്വന്തമായുള്ള പാര്‍ട്ടി ഇവിടുത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണോ. മന്ത്രി റിയാസിനെ രക്ഷിക്കാനാണോ കേസ് പൊലീസിന് കൈമാറാതെ പാര്ട്ടിക്കാര് അന്വേഷിക്കുമെന്ന് പറയുന്നത്.പാര്‍ട്ടി ഓഫീസില്‍ ജോലിതരാമെന്ന് വാഗ്ദാനം ചെയ്ത കേസല്ല ഇത്.പി എസ് സി പാര്‍ട്ടി നിയന്ത്രിക്കേണ്ട സ്ഥാപനവുമല്ല.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമ സംവിധാനം സി പി എമ്മിന് മാത്രം എന്തുകൊണ്ടാണ് ബാധകമാവാത്തത്.പരാതിക്കാര്‍ പറയുന്നത് മന്ത്രി റിയാസിന്റെ പേരിലാണ് പണം നല്‍കിയതെന്നാണ്. എന്നാല്‍ മന്ത്രി റിയാസിനെതിരെ ഒരു അന്വേഷണവും ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. റിയാസ് കുറ്റക്കാരനല്ലെന്ന് പാര്‍ട്ടിക്ക് അറിയാമെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. ഇത് റിയാസിന് കവചം സൃഷ്ടിക്കലാണ്. മന്ത്രിയുടെ പേരില്‍ ഒരു അഴിമതിയാരോപണം ഉണ്ടായാല്‍ അതിന്റെ സത്യാവസ്ഥ അറിയാന്‍ ജനത്തിന് അവകാശമുണ്ട്.അതിനാല്‍ തെറ്റുകാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയല്ല.ജനങ്ങളുടെ ദാസാനാണ് ഞാന്‍ എന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയും റിയാസിന് കവചമൊരുക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
പി എസ് സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വാങ്ങിവഞ്ചിച്ചുവെന്ന കോഴയാരോപണത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഒരു അന്വേഷണവും പാര്‍ട്ടി നടത്തില്ലെന്ന് സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചതോടെ പ്രമോദ് കോട്ടൂളിയെന്ന ഒരു സി ഐ ടി നേതാവില്‍ കേസ് ഒതുങ്ങും. കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് പ്രമോദ് കോട്ടൂളി കോഴകൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വാധീനം ഉപയോഗിച്ച് പി എസ് സി അംഗമാക്കാമെന്ന് പരാതിക്കാരനെ പറഞ്ഞ് പറ്റിച്ച് 22 ലക്ഷം തട്ടിയത് പ്രമോദിന്റെ മാത്രം ബുദ്ധിയാണോ? പല നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രമോദ് തനിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് എന്നത് ദുരുഹമാണ്.പാര്‍ട്ടിക്കാരില്‍ നിന്ന് പോലും പണം കൈപ്പറ്റിയതെന്നായിരുന്നു പരാതി. മന്ത്രിക്ക് 60 ലക്ഷം രൂപ നല്കിയാല് പി എസ് സി അംഗമാക്കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഘഡുവായാണ് 22 ലക്ഷം രൂപ കൈപ്പറ്റിയത്. പി എസ് സി അംഗത്വം ലഭിച്ചില്ലെന്നും കൈപ്പറ്റിയ 22 ലക്ഷം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി.
പരാതി അന്വേഷിക്കാന്‍ സി പി എം നാലംഗ സമിതിയെ നിയമിച്ചിരിക്കയാണ്. മന്ത്രി മുഹമ്മദ് റിയാസിന് ഈ കോഴയാരോപണത്തില്‍ പങ്കില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറയുന്നത്. ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നാണ് എം വി ഗോവിന്ദന് പറയുന്നത്. മുഖ്യമന്ത്രി സഭയ്ക്കുള്ളിലും പാര്‍ട്ടി സെക്രട്ടറി പുറത്തും റിയാസിന് കവചമൊരുക്കിയതോടെ മന്ത്രി തല്കാലം ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്.പരാതിക്കാരില്‍ നിന്ന് സമിതിയുടെ തെളിവെടുപ്പ് നടത്തിയെന്നാണ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.ഞാന്‍ ആരോടും പണം വാങ്ങിയിട്ടില്ലെന്നാണ് പ്രമോദ് കോട്ടൂളിയുടെ പ്രതികരണം. പ്രമോദിന് പാര്‍ട്ടിയിലെ രണ്ട് ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭ്യമാവുന്ന വിവരം.
തിരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും പ്രമോദിനെ നീക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാല്‍ പാര്‍ട്ടി നാലംഗ സമിതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയത് ക്രിമിനല്‍ നടപടിയാണെന്നും, പൊലീസാണ് അന്വേഷണം നടത്തേണ്ടതെന്നും സംസ്ഥാനം ഭരിക്കുന്ന സി പി എം നേതാക്കള്‍ മറക്കുകയാണ്. പി എസ് സി അംഗത്വത്തിന് പണം വാങ്ങിക്കാറില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍ എന്‍ സി പിയും ഐ എന്‍ എല്ലും പണം വാങ്ങിയാണ് പി എസ് സി അംഗത്തെ നിയമിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ടാണ് സി പി എം അന്വേഷണം നടത്താതിരുന്നതെന്ന് വ്യക്തമാക്കേണ്ടതാണ്.
എന്‍ സി പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി സി ചാക്കോയ്ക്കെതിരെയാണ് കോഴയാരോപണം ഉയര്‍ന്നിരുന്നത്. ഐ എന്‍ എല്‍ പി എസ് സി അംഗത്വം വിറ്റ സംഭവത്തില്‍ പാര്ട്ടിക്കാര് തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയപ്പോഴും സി പി എം അറിഞ്ഞിട്ടില്ല.കോഴയാരോപണത്തില്‍ അന്വേഷണം നടത്തേണ്ടത് പൊലീസാണ്, പാര്‍ട്ടി അന്വേഷണ കമ്മീഷനല്ല എന്നെങ്കിലും സി പി എം നേതാക്കള്‍ തിരിച്ചറിയണം. അഴിമതിയാരോപണവും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും തുടങ്ങി നിരവധി കേസുകളില്‍ സി പി എം അന്വേഷണം നടത്തിയത് കേരളം നേരത്തേയും കണ്ടിരുന്നല്ലോ. തീവ്രത കുറവ്, വലതുപക്ഷമാധ്യമങ്ങളുടെ ഇടപെടല്‍, പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബൂര്‍ഷ്വാ ഇടപെടല്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പടച്ചുവിട്ട് എല്ലാം അവസാനിപ്പിക്കും.ഡ്രൈ ഡേ ഒഴിവാക്കാന്‍ ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തിലും സി പി എം ഒളിച്ചോടുകയാണ് ചെയ്തത്. പാര്‍ട്ടി തെറ്റു തിരുത്തും എന്നു പറയുമ്പോഴും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.പാര്‍ട്ടി അന്വേഷണം നടത്തും എന്ന പരിപാടി മാറ്റി പൊലീസ് കേസെടുക്കട്ടെ, അവര്‍ അന്വേഷിക്കട്ടെ എന്നു പറയുന്ന പാര്‍ട്ടി നേതൃത്വത്തെയാണ് ജനങ്ങള്‍ക്ക് വിശ്വാസം.