തൃശൂർ: പൂരം കലക്കല്‍ സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ല, പൂരം താറുമാറായതിന്റെ നേട്ടം ലഭിച്ചവരും പറയുന്നത് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ്. പൂരം കലങ്ങിയത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
അജിത് കുമാറിന്റെ റിപ്പോർട്ട് വിശ്വാസ്യതയില്ലാത്തതാണ്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട് പൂരം കലങ്ങിയതാണ് തൃശൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയത്. എങ്ങനെ കേരളത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാം എന്നത് സംബന്ധിച്ചാണ് അജിത്കുമാർ -ആർ.എസ്.എസ് ചർച്ച നടന്നത്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് വാശിപിടിക്കുന്നതെന്നും കെ. മുരളീധരൻ ചോദിച്ചു.
തൃശൂർ പൂരം ഇല്ലെങ്കിൽ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കുറച്ചുനേരത്തെ നടന്നേനെ. പൂരത്തിന് വേണ്ടിയാണ് അത് നീട്ടിയത്. തിരുവനന്തപുരത്ത് ആ സമയത്ത് പൂരം ഒന്നുമുണ്ടായില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു.
അല്ലെങ്കിൽ അതും കലക്കിയേനെ. വിഷയത്തിൽ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്റെ തെളിവാണ് കരുവന്നൂർ കേസിൽ അനക്കം ഇല്ലാത്തത്. ഒരു എംപിയെ കിട്ടിയതിന്റെ നന്ദി ആണോ?
പൂരം കലങ്ങിയ സമയത്ത് ബി.ജെ.പി സ്ഥാനാർഥി വന്നത് ആംബുലൻസിലാണ്. മൃതദേഹമെല്ലാം കൊണ്ടുവരുന്ന വാഹനമാണ് ആംബുലൻസ്. പരിപാവനമായ സ്ഥലത്ത് ആ സമയത്ത് ആംബുലൻസ് വരേണ്ടതുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.