ഗ്രാവിറ്റിയുടെ എഫക്ട് ഉൾപ്പടെ ലോജിക്കുകൾ എല്ലാം മാറ്റിവച്ച് കാണാൻ പറ്റിയ തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ് സുകുമാർ രചനയും സംവിധാനവും ചെയ്ത പുഷ്പ 2 : ദി റൂൾ. കളർഫുൾ ആയ കാണാൻ ഭംഗിയുള്ള ഫ്രയിമുകളും ലൈറ്റിങ്ങുകളുമെല്ലാം ചേർന്ന തീയേറ്റർ പടം. ആകെ മൊത്തം ഒന്നാം ഭാഗത്തിനേക്കാൾ മേക്കിങ് ക്വാളിറ്റിയിൽ മുന്നിട്ട് നിക്കുന്ന ശരാശരി സിനിമയാണ് പുഷ്പ 2 : ദി റൂൾ.
ഒന്നാം ഭാഗത്തിന്റെ ബാക്കിയാണ് രണ്ടാം ഭാഗത്തിലുള്ളത്. രക്ത ചന്ദനം കടത്തുന്ന സ്വന്തമായി കുടുംബപേര് ഇല്ലാത്ത കൂലിക്കാരനായ യുവാവ്. കള്ളക്കടത്തുകാരനായ അവനും അവനെ തടയാൻ എത്തുന്ന എലീറ്റ് ക്ലാസ് വില്ലൻ പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന ഈഗോ ക്ലാഷിനു ആരംഭം കുറിച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്.
രണ്ടാം ഭാഗത്തിൽ അവൻ തന്റെ കഴിവ് കൊണ്ട് ഡോൺ ആയി മാറി ഒരു സംസ്ഥാനത്തിന്റെ തന്നെ ഗവണ്മെന്റിനെ വിലക്ക് വാങ്ങുന്നു. എങ്കിലും സ്വന്തമായി ഒരു കുടുംബപേരില്ലാത്ത ദുഃഖം അവനെ ദുർബലനാക്കുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനും തമ്മിലെ ഈഗോ ക്ലാഷ് തുടരുന്നു. എന്നാൽ പുഷ്പയെ ഒന്നുകൊണ്ടും തോൽപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പ്രധാന വില്ലൻ എന്ന് നമ്മൾ അത്രയും നേരം വിചാരിച്ചു കൊണ്ടിരുന്ന ക്രൂരനായ വില്ലൻ പെട്ടന്ന് സിനിമയിൽ നിന്നേ അപ്രത്യക്ഷമാകുന്നു.
രണ്ടാം ഭാഗം പിന്നീട് മുന്നോട് പോകുന്നത് പാസത്തിലൂടെ ആണ്. തന്നെ അനിയനായും കുടുംബത്തിലെ അംഗമായും പരിഗണിക്കാത്ത ചേട്ടന്റെ മകളെ വില്ലന്മാരിൽ നിന്ന് രക്ഷിക്കുന്നതിലൂടെ താൻ ആഗ്രഹിച്ച കുടുംബ പേര് നായകന് കിട്ടുന്നു. അങ്ങനെ നായകൻ സന്തോഷകരമായ ഒരു ജീവിതം തുടങ്ങുന്ന നേരത്ത് മൂന്നാം ഭാഗത്തിന്റെ ലീഡ് കൂടെ തന്നുകൊണ്ട് ചിത്രം അവസാനിക്കുന്നു.