ചെന്നൈ: ജോലിക്കിടെ ലിപ്സ്റ്റിക് ഇട്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ ആദ്യ വനിത മാര്‍ഷലിനെ സ്ഥലം മാറ്റി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാര്‍ എസ് ബി മാധവിയ്ക്കാണ് ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിച്ചത്. കഴിഞ്ഞ മാസമായിരുന്നു ജോലിക്കിടെ ലിപ്സ്റ്റിക് അണിയരുതെന്ന് മാധവിക്ക് നിര്‍ദേശം നല്‍കിയത്.
ലിപ്സ്റ്റിക്ക് ഇട്ടതിനെ സംബന്ധിച്ച് മാധവിയെ മേയര്‍ പ്രിയയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ശിവ ശങ്കര്‍ ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ലിപ്സ്റ്റിക് ധരിക്കുന്നത് കുറ്റകരമാണെങ്കില്‍ അത് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് കാണിക്കണമെന്നായിരുന്നു മാധവിയുടെ മറുപടി.
ജോലി സമയത്ത് കൃത്യമായി എത്താതിരിക്കുക, മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് മെമ്മോയില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് മാധവി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതടങ്ങമുള്ള തെറ്റുകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഫാഷന്‍ ഷോയില്‍ മാധവി പങ്കെടുത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെന്ന് മേയര്‍ പ്രിയ പറഞ്ഞു. മന്ത്രിമാരും എംബസി ഉദ്യോഗസ്ഥരും സ്ഥിരമായി എത്തുന്ന ഓഫീസില്‍ കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന നിര്‍ദേശവും നേരത്തെ നല്‍കിയിരുന്നുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.