നിലമ്പൂര്‍ : മുതിര്‍ന്ന സി പി എം നേതാവായ പാലൊളി മുഹമ്മദ് കുട്ടിയെക്കൊണ്ട് തനിക്കെതിരെ നേതാക്കള്‍ ഇടപെട്ടാണ് പ്രസ്താവന ഇറപ്പിക്കുന്നതെന്ന് പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചു. മലപ്പുറത്തെ ആകെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ജനാധിപത്യ വിരുദ്ധമായ സമീപനമാണിത്. പാലൊളിയെ നേരില്‍കണ്ട് വസ്തുതകള്‍ വിശദമാക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമിതമായ മുസ്ലിം പ്രീണനം കൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതെന്നാണ് നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. അത് ശരിയല്ല, പൊലീസ് നയവും സര്‍ക്കാരിന്റെ വീഴ്ചയുമാണ് കനത്ത പരാജയത്തിന്റെ കാരണം. എം ആര് അജിത് കുമാറിനെ പോലുള്ള പൊലീസ് ഉന്നതന്റെ തെറ്റായ നിലപാടുകളാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പൊലീസ് സ്റ്റേഷനില്‍ എന്തെങ്കിലും ഒരു വിഷയവുമായി ചെല്ലാന്‍ പറ്റിയില്ല.
എസ് ഡി പി ഐയും ജമാഅത്ത് ഇസ്ലാമിയുമാണ് എന്റെ യോഗത്തിന് എത്തിയതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്റെ പിന്നില്‍ വര്‍ഗീയവാദികളാണെന്നാണ് നേതാക്കളുടെ കണ്ടുപിടുത്തം. എന്നാല്‍ അവര്ക്കിത്രയൊക്കെ ശക്തിയുണ്ടെന്നാണോ സി പി എം സമ്മതിക്കുന്നതെന്ന് നേതാക്കള്‍തന്നെ വ്യക്തമാക്കണം.
ഒരു ദേശീയ പത്രത്തിന് മുഖ്യമന്ത്രി നല്കിയ അഭിമുഖത്തില്‍ മലപ്പുറത്തെ അപമാനിക്കുന്ന തരത്തിലാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത് പിണറായിയുടെ മാറുന്ന മുഖമാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളം സി പി എം പി വി അന്‍വര്‍ വര്‍ഗീയവാദിയെന്ന് പ്രചരിപ്പിക്കുകയാണ്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി നല്‍കുന്നതിന് പകരം എന്നെ തീവ്രവാദിയും കള്ളക്കടത്തുകാരനുമാായി ചിത്രീകരിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
മാമിക്കേസില്‍ പൊലീസ് എന്താണ് ഒളിച്ചു കളിക്കുന്നതെന്ന് വ്യക്തമായി പറയണം. കേസില്‍ എന്ത് അന്വേഷണമാണ് നടന്നതെന്ന് പറയണം. മൂന്നര കോടി ജനങ്ങളെയാണ് വഞ്ചിക്കുന്നത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തണം. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ലോ ആന്റ് ഓര്‍ഡറിന്റെ ചുമതല മാറ്റണം.
നിലമ്പൂരില്‍ മുസ്ലീംലീഗിന്റെ യോഗം സി പി എം നേതൃത്വം ഇടപെട്ട് ഒഴിവാക്കിയെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്കറിയില്ലെന്നും അത് ലീഗുമായി ബന്ധപ്പെട്ട വിഷയമേ അല്ല. – പി വി അന്‍വര്‍ പറഞ്ഞു.