ചേലക്കര : യുആര്‍ പ്രദീപ് സക്രീനില്‍ നിന്ന് മാറാതെ മുന്നേറി നില്ക്കുമ്പോള് ചേലക്കരയില്‍ ചലനമുണ്ടാക്കാനെത്തിയ പി.വി. അൻവർ എം.എൽ.എയും പാർട്ടി ഡി എം കെയും കാണാമറയത്ത്. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള യുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ 1025 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ചേലക്കരയിൽ 8567 വോട്ടിന്റെ ലീഡുമായി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപാണ് മുന്നിലുള്ളത്.
സ്വതന്ത്രനായി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് എന്‍.കെ. സുധീര്‍ ചേലക്കരയിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽ 325 വോട്ട് മാത്രമാണ് സുധീറിന് നേടാനായത്. യു.ആർ. പ്രദീപ് 6110 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 4220 വോട്ടും എൻ.ഡി.എയുടെ കെ. ബാലകൃഷ്ണൻ 2504 വോട്ടുമാണ് ആദ്യ റൗണ്ടിൽ നേടിയത്.
അതിശക്തമായ പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ അനക്കമില്ല ഡിഎംകെയ്ക്ക്. ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷവിമർശനമായിരുന്നു അൻവർ പ്രചാരണത്തിലുടനീളം ഉയർത്തിയത്. ചേലക്കരയിൽ ഡി.എം.കെ സ്ഥാനാർഥിക്ക് വോട്ടുകൾ കുറയുന്നത് അൻവറിന് രാഷ്ട്രീയമായി തിരിച്ചടി തന്നെയാകും സൃഷ്ടിക്കുക.