മലപ്പുറം: മലപ്പുറം എസ് പി എസ് ശശിധരനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. അന്‍വറിന്റെ പ്രതിഷേധം പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാഴ്ത്തിയെന്നാണ് സിപിഎം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്.
മലപ്പുറം എസ് പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പി വി അന്‍വര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
എന്നാല്‍ തന്നെ വിളിച്ച് വരുത്തിയതല്ലെന്നാണ് പി വി അന്‍വറിന്റെ വിശദീകരണം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ചര്‍ച്ചയാണ് നടത്തിയത്. പ്രതിഷേധത്തിന് പാര്‍ട്ടി പിന്തുണ ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പാര്‍ട്ടിയെന്ന മറുചോദ്യവുമാണ് എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.