പാലക്കാട് എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലാണ് നിലവിൽ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ. പാലക്കാട് പോലെ മുഴുവൻ സമയവും സജീവമാകേണ്ട ഒരു മണ്ഡലത്തിൽ നിന്നുകൊണ്ട് യുവജന സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടി സജീവമാകുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്. മുൻപ് പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ആയിരുന്നു രാഹുലിന് മുമ്പ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ. അന്ന് ഷാഫിയും സമാനമായ പ്രശ്നം നേരിട്ടിരുന്നു. എന്നിരുന്നാലും മണ്ഡലവും സംഘടനയും ഒരുമിച്ചു കൊണ്ടുപോകാൻ ഷാഫിക്ക് പല ഘട്ടങ്ങളിലും കഴിഞ്ഞിരുന്നു. കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാലക്കാട് മണ്ഡലം. ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു ഷാഫി പറമ്പിൽ പോലും 2021ൽ നേരിട്ടത്. ഈ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ബിജെപിക്ക് പാലക്കാട്ട് കൃത്യമായ അടിസ്ഥാന വോട്ടുകൾ ഉണ്ട്. ബിജെപിക്കുള്ളിലെ വിഭാഗീയത രാഹുലിനെ ഈ ഉപതെരഞ്ഞെടുപ്പിൽ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ വരുന്ന 2026ലെ തെരഞ്ഞെടുപ്പിൽ അങ്ങനെയൊരു സാഹചര്യം വരണമെന്നില്ല. അതുകൊണ്ടുതന്നെ ഷാഫി പറമ്പിലിനെ പോലെ രാഹുലും സമ്പൂർണ്ണമായി മണ്ഡലം മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. യൂത്ത് കോൺഗ്രസിനെ സംഘടിപ്പിക്കാൻ സംസ്ഥാനമൊട്ടാകെ ഓടി നടന്നാൽ കയ്യിലിരിക്കുന്ന പാലക്കാട് മണ്ഡലം അന്യമായി പോകുമെന്ന വിലയിരുത്തലാണ് കെപിസിസിക്കുള്ളത്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോൾ യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് കൂടുതൽ സമരസജ്ജവും ആകേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ യൂത്ത് കോൺഗ്രസിന്റെ തലപ്പത്തേക്ക് പുതിയ ഒരാളെ കൊണ്ടുവരുന്നതിനെ പറ്റിയാണ് കോൺഗ്രസ് ആലോചിക്കുന്നത്. അതുവഴി നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മറ്റൊരു ചെറുപ്പക്കാരനെ കൂടി കേരള രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുവാൻ കഴിയും എന്ന ലക്ഷ്യവും നേതൃത്വത്തിന് ഉണ്ട്. നിലവിൽ മുൻ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ യൂത്ത്കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏൽപ്പിക്കുന്നതിനുള്ള സാധ്യതകളാണ് കാണുന്നത്. കെഎം അഭിജിത്ത് എ ഗ്രൂപ്പ് വിഭാഗക്കാരനാണ്. കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ അഭിജിത്തിനെ പരിഗണിച്ചിരുന്നു. പിന്നീട് എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ തൽക്കാലം തുടരുക എന്ന നിർദ്ദേശമാണ് അഭിജിത്തിന് ഗ്രൂപ്പ് നൽകിയത്. അടുത്ത യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നായിരുന്നു അന്നത്തെ എ ഗ്രൂപ്പിലെ ധാരണ. അധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് സജീവമായി പരിഗണിച്ചിരുന്നത് തിരുവനന്തപുരത്തുനിന്നുള്ള ജെ എസ് അഖിലിനെയായിരുന്നു. അഖിലിനെ നോമിനിയാക്കാനായിരുന്നു എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യം. എന്നാൽ രാഹുലിന് വേണ്ടി ഷാഫി പറമ്പിൽ കടുംപിടുത്തം പിടിച്ചതോടെയാണ് ഗ്രൂപ്പ് നേതൃത്വം ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. ഷാഫി പറമ്പിലിന്റെ പിന്തുണയില്ലാതെ പുതിയ സംസ്ഥാന അധ്യക്ഷൻ എത്തിയാൽ അത് സംഘടനയുടെ ആകെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഗ്രൂപ്പ് വിലയിരുത്തി. ദേശീയ നേതൃത്വത്തിനും കൂടുതൽ താല്പര്യം ഷാഫി പറമ്പിലിനോട് ആണെന്നതും രാഹുലിന് അനുകൂല ഘടകമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുലിനോടുള്ള താല്പര്യം കൂടുതൽ ഗുണകരം ആവുകയും ചെയ്തു.
രാഹുലിനൊപ്പം തന്നെ പരിഗണിക്കപ്പെട്ട ജെ എസ് അഖിൽ പിന്നീട് ഗ്രൂപ്പ് നേതൃത്വവുമായി ഉടക്കി പിരിയുകയായിരുന്നു. ഇപ്പോൾ ചാണ്ടി ഉമ്മന് ഒപ്പം ചേർന്നുകൊണ്ട് യഥാർത്ഥ എ ഗ്രൂപ്പ് കെട്ടിപ്പടുക്കുകയാണ് അഖിൽ. എന്തായാലും ഈ തവണ നേതൃത്വം അഖിലിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ വിരളമാണ്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സംഘടനയ്ക്ക് നടത്തുവാനായ മുന്നേറ്റങ്ങളാണ് അഭിജിത്തിന് കൂടുതൽ സാധ്യതകൾ നൽകുന്നത്. രാഷ്ട്രീയ വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകളും സമരരംഗങ്ങളിലെ സജീവതയും അഭിജിത്തിന് മുതൽക്കൂട്ടാണ്. കെഎസ്യു പ്രസിഡന്റ് ആയിരിക്കെ സംസ്ഥാനത്തൊട്ടാകെ ആഴത്തിലുള്ള ബന്ധങ്ങൾ അഭിജിത്തിന് ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവരുമ്പോൾ അതും ഗുണകരമാകും എന്ന് നേതൃത്വം കരുതുന്നു. ഏറെക്കുറെ രാജിക്ക് രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറാണ്. പാലക്കാട് എംഎൽഎയായി തുടരാൻ അത് അനിവാര്യമാണെന്ന് അദ്ദേഹവും തിരിച്ചറിയുന്നുണ്ട്. രാജിക്ക് എ ഗ്രൂപ്പ് നേതൃത്വവും ഏറെക്കുറെ പച്ചക്കൊടി കാട്ടിയെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും അധികം വൈകാതെ കോൺഗ്രസിന്റെ തലപ്പത്ത് കാതലായ മാറ്റങ്ങൾ പ്രകടമാകും.