മനാമ: ബഹ്റൈനില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത്. റോഡ് യാത്രക്കാരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു.
മഴയില്‍ റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം അറിയിച്ചു. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലവും വേഗ പരിധിയും പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ തെരുവുവിളക്കുകളുടെ തൂണുകളില്‍ തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസയിടങ്ങളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷയും വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ ശേഷിയും ഉറപ്പാക്കണമെന്നും ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ താമസക്കാരോട് ആവശ്യപ്പെട്ടു.