ഹൈദരാബാദ്: സ്വന്തം തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതിവീണ് രാജസ്ഥാൻ റോയൽസ്. ഹൈദരാബാദിലെ കൂറ്റൻസ്കോർ പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകർപ്പൻ പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.
കയ്യിലെ പരിക്ക് പോലും വകവയ്ക്കാതെ മത്സരത്തില്‍ 37 പന്തില്‍ 66 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. 178.38 സ്ട്രൈക്ക് റേറ്റിൽ ഏഴ് ഫോറുകളും നാല് സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജുവിന് പുറമേ ധ്രുവ് ജുറലും അർദ്ധ സെഞ്ച്വറി നേടി. 35 പന്തില്‍ അഞ്ച് ഫോറുകളും ആറ് സിക്സുകളും ഉള്‍പ്പെടെ 70 റണ്‍സായിരുന്നു ജുറല്‍ നേടിയത്. ഷിർമോണ്‍ ഹെറ്റ്മെയർ 23 പന്തില്‍ 42 റണ്‍സും ശുഭം ദൂബെ 11 പന്തില്‍ പുറത്താവാതെ 34 റണ്‍സും നേടി.
അതേസമയം ആദ്യ ബാറ്റ് ചെയ്ത ഹൈദരാബാദിനായി സെഞ്ച്വറി നേടി ഇഷാൻ കിഷൻ മിന്നും പ്രകടനമാണ് നടത്തിയത്. 47 പന്തില്‍ പുറത്താവാതെ 106 റണ്‍സ് നേടിയിരുന്നു ഇഷാന്റെ വെടിക്കെട്ട്. 11 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ട്രാവിസ് ഹെഡ് 31 പന്തില്‍ 67 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്ബത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഹെൻറിച്ച് ക്ലാസൻ 14 പന്തില്‍ നിന്നും 34 റണ്‍സും നിതീഷ് കുമാർ റെഡ്ഢി 15 പന്തില്‍ നിന്നും 30 റണ്‍സും നേടി വലിയ ടോട്ടല്‍ പടുത്തുയർത്തുന്നതില്‍ നിർണായകമായി. മാർച്ച് 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.