സംസ്ഥാനത്തെ ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്. അതിന് അരങ്ങൊരുക്കുകയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ. മെല്ലെ ഉറച്ച കാൽവയ്പ്പുകളോടെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുക എന്നതാണ് ദേശീയ തലത്തിൽ തന്നെ ബിജെപിയുടെ അടിസ്ഥാനപ്രമാണം. കേന്ദ്രത്തിൽ ഒരു കാലത്തും ബിജെപി അധികാരത്തിലെത്തില്ല എന്നു കരുതി ഭരിച്ചു സുഖിച്ച ദേശീയപാർട്ടികളെ ഞെട്ടിച്ചു കൊണ്ടാണ് എ ബി വാജ്പേയിയുടെ നേതൃത്തിൽ 1998 ൽ ആദ്യ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റത്.
2004 ൽ ഭരണത്തിൽ നിന്ന് പുറത്തായെങ്കിലും നരേന്ദ്ര മോദിയിലൂടെ പത്തുവർഷത്തിനുശേഷം അധികാരത്തിലെത്താനും തുടർഭരണം നേടാനും ബിജെപിക്ക് കഴിഞ്ഞു. സംഭവമൊക്കെ ശരി തന്നെ. തെക്കേ ഇന്ത്യ പിടിക്കാൻ ബിജെപി കുറേ പുളിക്കും എന്ന ഭാവത്തിലാണ് അപ്പോഴും രാഷ്ട്രീയ നിരീക്ഷകർ സംസാരിച്ചത്. എന്നാൽ 2008 ൽ കർണ്ണാടകയിൽ ബിജെപി താമര വിരിയിച്ചുവെന്ന് മാത്രമല്ല ക്രമേണ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു.
‘വർഗീയ സംഘടന’കളെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ആണയിടുകയും പിൻവാതിലിലൂടെ ഇത്തരം സംഘടനകളുമായി നിതാന്ത ചങ്ങാത്തമുണ്ടാക്കുകയും ചെയ്യുന്ന ഹിപ്പോക്രാറ്റിക് രാഷ്ട്രീയമാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലുള്ളത്. നിലവിൽ സി പി എം നെയും കോൺഗ്രസ്സിനെയും കണ്ടാൽ ബി ജെ പി യിൽ നിന്ന് അവയ്ക്കെന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നില്ല എന്ന സാഹചര്യവുമുണ്ട്.
പണാധിപത്യം പാർട്ടികളെ വല്ലാതെ ഗ്രസിച്ച കാലം. ഈ ഘട്ടത്തിലാണ് കേരളത്തിലെ ബി ജെ പിക്ക് ഒരു പുതിയ നേതാവ് വരുന്നത്. രാജീവ് ചന്ദ്രശേഖർ എന്ന സൂക്ഷ്മ ബുദ്ധിയായ ടെക്നോക്രാറ്റിനെ, കച്ചവടത്തിൽ ലാഭമുണ്ടക്കാനറിയുന്ന ബിസിനസ്സുകാരനെ കേന്ദ്ര നേതൃത്വം കേരളത്തിലെ ബിജെപിയെ നയിക്കാൻ നിയോഗിക്കുന്നത് വെറുതേയല്ല.
ഒരു ‘മിഷൻ മോഡിൽ’ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് രാജീവിന്റെ ചുമതല. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലയ്ക്ക് വാങ്ങിയെന്ന് പരിഹസിക്കുന്നവരുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ആളാണ് രാജീവെന്നും ആക്ഷേപമുണ്ട്. അതെന്തായാലും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട് എന്നിടത്താണ് രാജീവിന്റെ വിജയം.
കർണാടകയിൽ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായ രാജീവ് രണ്ടാം മോദി സർക്കാറിൽ ഐ.ടി വകുപ്പ് ചുമതലയുള്ള സഹമന്ത്രിയായിരുന്നു. സംഘപരിവാർ സംഘടനകളിൽ പ്രവർത്തിച്ച് പരിചയമില്ലാത്ത ഒരാൾ സംസ്ഥാന ബിജെപി അധ്യക്ഷനാകുന്നതിലെ അനൗചിത്യം സംസ്ഥാനത്തെ ചില പ്രധാന നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ കാലത്ത്, ജനാധിപത്യ പ്രക്രിയയിൽ നിന്ന് അകന്നു പോകുന്ന യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ രാജീവ് ചന്ദ്രശേഖരന് കഴിയുമെന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് ഒരു സംശയവുമില്ല.
മലയാളി ദമ്പതിമാരുടെ മകനായി ഗുജറാത്തിൽ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി ഐ.ടി ജോലിയിലും ബിസിനസിലും നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് രാജീവ്. 2006ൽ സ്വതന്ത്രനായി രാജ്യസഭാംഗമായ ശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻ ഡി എ യെ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുള്ള രാജീവ് ചന്ദ്രശേഖറുടെ തുടക്കം കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
ദൗത്യം പൂർത്തിയാക്കിയ ശേഷമേ മടക്കമുള്ളുവെന്നും രാജീവ് പറയുന്നു. ഇതിനായി മുഴുവൻ സമയ പ്രവർത്തകനായി ഇവിടെത്തന്നെയുണ്ടാവും. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്. മാറ്റം വരണമെങ്കിൽ കേരളത്തിൽ എൻഡിഎ വരണമെന്നും അദ്ദേഹം പറഞ്ഞു. പല ഗ്രൂപ്പുകളായി പോരാടി നില്ക്കുന്ന കേരളത്തിലെ ബിജെപിയെ അച്ചടക്കത്തിലേക്കും ഐക്യത്തിലേക്കും നയിക്കുകയെന്നതാണ് രാജീവിന്റെ ആദ്യത്തെ ദുർഘട ദൗത്യം. ഒരു ദേശീയ നേതാവിന്റെ ശൈലിയും കാഴ്ചപ്പാടുമുള്ള രാജീവിന് കേരളത്തിലെ ഒരു നേതാവിനോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലാത്തതും ഈ ദൗത്യത്തിന് ഗുണകരമാകും.
അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തൊട്ടടുത്തു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തെ കൂടുതൽ കാവിമയമാക്കാനുള്ള പോരാട്ടത്തിലേക്കാണ് രാജീവ് ചുവടുവയ്ക്കുന്നത്. എന്തായാലും കേരളത്തിലെ സഖാക്കളും കോൺഗ്രസ്സ് പ്രവർത്തകരുമെല്ലാം വിയർപ്പൊഴുക്കി ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണ് സമാഗതമായിരിക്കുന്നത്. ഇതുവരെ കണ്ടതൊന്നുമല്ല, ഇനി കാണാനിരിക്കുന്നതാണ് ശരിയായ പോരാട്ടം. ഒരു കോർപറേറ്റ് രാഷ്ട്രീയക്കാരന്റെ മിഷൻ സ്വഭാവത്തോടെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ജീവന്മരണ പോരാട്ടം. അതിന് ഇവിടുത്തെ പഴഞ്ചൻ മുന്നണികൾക്കും രാഷ്ട്രീയപാർട്ടികൾക്കും എത്രകണ്ട് കഴിയും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.