മുംബൈ: മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. കുറഞ്ഞ ദൈര്‍ഘ്യമുള്ള അധിക ഡാറ്റ പ്ലാനുകള്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയിച്ചിരുന്ന പ്ലാനുകൾ ആയിരുന്നു ഇവ. പുതുവര്‍ഷത്തിന് മുന്നോടിയായാണ് ഈ മാറ്റങ്ങള്‍. 19 രൂപ, 29 രൂപ അഫോര്‍ഡബിള്‍ പ്ലാനുകളുടെ വാലിഡിറ്റി ജിയോ തിരുത്തി.
പുതുക്കിയ പോളിസി പ്രകാരം 19 രൂപ റീച്ചാര്‍ജ് പ്ലാനിന് ഒരു ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കൂ. കൂടാതെ 29 രൂപ റീച്ചാര്‍ജ് പ്ലാനിന്റെ വാലിഡിറ്റി രണ്ട് ദിവസമാക്കി. ബേസിക് ആക്റ്റീവ് പ്ലാനിന്റെ അതേ കാലയളവിലേക്ക് നേരത്തെ 29 രൂപ അധിക ഡാറ്റ വൗച്ചറിനും വാലിഡിറ്റി ജിയോ നല്കുന്നുണ്ടായിരുന്നു. പുതിയ മാറ്റത്തോടെ ഡാറ്റ പൂര്‍ണമായും ഉപയോഗിച്ചില്ലെങ്കിലും വാലിഡിറ്റി അവസാനിച്ചാല്‍ വീണ്ടും ഉപഭോക്താക്കൾക്ക് ഡാറ്റയ്ക്കായി റീച്ചാര്‍ജ് ചെയ്യേണ്ടിവരും.