കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് തിരിച്ചടി. കുറ്റപത്രം മടക്കി കോടതി. തിയതികളിലടക്കം പിഴവ് കണ്ടതോടെയാണ് കുറ്റപത്രം മടക്കിയത്. സാങ്കേതിക പിഴവാണ് കുറ്റപത്രത്തിൽ കണ്ടെത്തിയത്. അന്വേഷണ സംഘത്തിന് കോടതി കുറ്റപത്രം തിരികെ നൽകുകയായിരുന്നു. സൂക്ഷ്മ പരിശോധനയിലാണ് സാങ്കേതിക പിഴവുകൾ കണ്ടെത്തിയത്. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്.
കഴിഞ്ഞ ദിവസമാണ് മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നായിരുന്നു കുറ്റപത്രം. പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രത്തിലുണ്ട്. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.