സംസ്ഥാനത്തെ ജലസംഭരണികൾ കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി. പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കാലവർഷം കനത്താൽ ഡാമുകളിൽ നീരൊഴുക്ക് വർധിക്കും.കാലവർഷം ആദ്യപാദത്തിൽ മഴ കുറവാണെങ്കിലും വരുംദിവസങ്ങളിൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി, ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
വേനൽക്കാലം കഴിഞ്ഞതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞത് കെഎസ്ഇബിയുടെ ആശങ്കയകറ്റി. മഴ കൂടുതൽ ലഭിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡാമുകളിലെ ജലനിരപ്പ് ഭദ്രമാണ്. കെഎസ്ഇബിയുടെയും ജലസേചനവകുപ്പിൻ്റെയും ഉടമസ്ഥതയിൽ അമ്പതോളം ഡാമുകളാണുള്ളത്.
കക്കി, പമ്പ, മൂഴിയാർ, ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങൽ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ, ഇടമലയാർ, ബാണാസുരസാഗർ, കുറ്റ്യാടി തുടങ്ങിയവയാണ് കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട ഡാമുകൾ. നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, ചിമ്മിനി, ശിരുവാണി, കാഞ്ഞിരമ്പുഴ, വാളയാർ, മീങ്കര, കാരാപ്പുഴ, പഴശി, കുറ്റ്യാടി, മംഗലം, മലമ്പുഴ തുടങ്ങിയവയാണ് പ്രധാന ജലസേചന അണക്കെട്ടുകൾ.