ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്ന വിശേഷണമുള്ള ചിത്രമാണ് ഷോലേ. രമേഷ് സിപ്പിയുടെ സംവിധാനത്തിൽ 1975-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര എന്നിവരായിരുന്നു നായകന്മാർ. സലിം-ജാവേദ് എന്ന പേരിൽ സലിം ഖാനും ജാവേദ് അക്തറും തിരക്കഥ രചിച്ച ചിത്രം റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സൽമാൻ ഖാൻ.തന്റെ പിതാവുകൂടിയായ സലിം ഖാൻ തിരക്കഥാ രചനയിൽ പങ്കാളിയായ ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനും സൽമാന് താത്പര്യമുണ്ട്.
സലിം-ജാവേദ് ടീമിനുവേണ്ടി ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കുന്ന ആംഗ്രി യങ് മെൻ എന്ന ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോയിലാണ് സൽമാൻ ഖാൻ തന്റെ ഏറെക്കാലമായുള്ള ആഗ്രഹത്തേക്കുറിച്ച് പറയുന്നത്. സലിം-ജാവേദ് ടീമിന്റെ ഏതെങ്കിലും ചിത്രം റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് അവതാരകയായ ഫറാ ഖാൻ സൽമാൻ ഖാനോട് ചോദിച്ചു. ഷോലേ എന്ന് ഉടനടി വന്നു അദ്ദേഹത്തിന്റെ മറുപടി.
“ഞാനെന്നെങ്കിലും അവരുടെ ഒരു ചിത്രം റീമേക്ക് ചെയ്യുകയാണെങ്കിൽ അത് ഷോലേ ആയിരിക്കും. ജയ്, വീരു എന്നീ കഥാപാത്രങ്ങളിലൊന്നിനെ ഞാനവതരിപ്പിക്കും. ഗബ്ബർ സിംഗിനെ അവതരിപ്പിക്കാനും എനിക്കാകും.”സൽമാന്റെ വാക്കുകൾ.അംജദ് ഖാനായിരുന്നു ഷോലേയിൽ ഗബ്ബർ സിംഗിനെ അവതരിപ്പിച്ച് അനശ്വരമാക്കിയത്. നിരവധി നടന്മാർ ഗബ്ബർ സിംഗിനെ അവതരിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഇതേ പരിപാടിയിൽ സന്നിഹിതനായിരുന്ന ജാവേദ് അക്തർ ഓർമിച്ചു.
“ഷോലേയിലെതന്നെ അഭിനേതാക്കളായ അമിതാഭ് ബച്ചനും സഞ്ജീവ് കുമാറും ഗബ്ബർ സിംഗ് ആകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ധർമേന്ദ്ര ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹം തനിക്കുകിട്ടിയ വേഷത്തിൽ സന്തോഷവാനായിരുന്നു.” ജാവേദ് അക്തർ പറഞ്ഞു.
ജാവേദ് അക്തറിന്റെ മകൻ കൂടിയായ ഫർഹാൻ അക്തറാണ് ആംഗ്രി യംഗ് മെൻ സംവിധാനം ചെയ്യുന്നത്. സൽമാൻ ഖാൻ, സോയാ അക്തർ, ഫർഹാൻ അക്തർ, റിതേഷ് സിധ്വാനി, റീമാ കാഗ്തി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.