തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 21 ആം ദിവസത്തിലേക്ക് കടന്നു. നാളെ നിയമസഭ ആരംഭിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ നിയമസഭ മാർച്ച് നടത്തുമെന്ന് സമരനേതാക്കൾ അറിയിച്ചു.
സമരത്തിന് പിന്തുണ പ്രഖ്യാപിപ്പിച്ച് നാളെ കോൺഗ്രസിൻ്റ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും 13 ജില്ലകളിൽ കളക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കും. അതേസമയം, സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചെന്ന് സമരനേതാക്കൾ അറിയിച്ചു. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ആണ് പൊലീസ് അഴിപ്പിച്ചത്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നത്.ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.