മസ്കത്ത്: ഓൺലൈൻ തട്ടിപ്പിൽനിന്ന് രക്ഷിക്കാനെന്ന വ്യാജേന തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പുകൾ തടയാനെന്ന പേരിൽ മന്ത്രാലയത്തിന്റെ വ്യാജ ലിങ്കുകൾ അയച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുനൽകിയിരിക്കുകയണ് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം.
ഇത്തരം ലിങ്കുകൾ അയച്ച് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ശേഖരിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടാനാണ് സംഘം ശ്രമിക്കുന്നത്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും സ്വകാര്യ വിവരങ്ങൾ ഒരിക്കലും പങ്കുവെക്കരുതെന്നും എല്ലാവരോടും അഭ്യർഥിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥാരാണെന്ന വ്യാജേനെ tejarah.gov@gmail.com എന്ന ഇ-മെയിൽ വഴി ഇരകളെ ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ടുകൾ പരിരക്ഷിക്കുന്നതിനുള്ള സേവനമാണെന്നും അവകാശപ്പെട്ടാണ് വ്യക്തിഗത വിവരങ്ങൾ ആരായുന്നത്. ഇങ്ങനെയുള്ള പ്രവർത്തനത്തിലൂടെ അൗണ്ടിൽനിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ കാൾ സെന്ററുമായോ, 80000070 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.