ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കോവിഡ് കാലത്ത് വാക്സിൻ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർന്നുവെന്നാണ് ഇത്തവണ തരൂരിൻ്റെ പുകഴ്ത്തൽ. ദി വീക്കിൽ എഴുതിയ ലേഖനത്തിലാണ് പ്രശംസ.
കോവിഡ് കാലത്ത് 100-ൽ അധികം രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ സംരംഭമാണ് വാക്സിൻ മൈത്രി. ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും ലേഖനത്തിൽ തരൂർ പറഞ്ഞു.
യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും തരൂർ നേരത്തേ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത്
കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.