സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിനുശേഷം അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജനോപകാരബജറ്റെന്നും ജനദ്രോഹബജറ്റെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഭരണപക്ഷ രാഷ്ട്രീയ പാർട്ടികൾ ബജറ്റ് ജന നന്മയ്ക്ക് ഉതകുന്നതാണെന്ന് പറയുമ്പോൾ, ജനതയെ ആകെ പരിപൂർണ്ണമായും വഞ്ചിക്കുന്ന ബജറ്റ് ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. ബജറ്റുമായി ബന്ധപ്പെട്ട ബിജെപി നേതാവ് ഷോൺ ഷോർജിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായി മാറിയിരിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനുവേണ്ടി യാതൊരുവിധത്തിലുള്ള പദ്ധതികളും ബജറ്റിൽ ഇല്ലെന്ന് ഷോൺ വിമർശിക്കുന്നുണ്ട്. പരിപൂർണ്ണമായും കർഷക ദ്രോഹ ബജറ്റ് ആണിതെന്നും ഷോൺ കുറ്റപ്പെടുത്തുന്നുണ്ട്. ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചപോലെ ആയി സംസ്ഥാന ബജറ്റെന്ന താരതമ്യമാണ് ഷോൺ നടത്തിയിരിക്കുന്നത്. ഇതുവരെ നടപ്പാക്കാത്ത 2024ലെ ബജറ്റ് നിർദ്ദേശങ്ങൾ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഷോൺ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് ഷോൺ ജോർജ്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെട്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് ഭൂമി പോലും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. അതുപോലെ കേരളീയം പരിപാടിയുടെ ഭാഗമായി പത്തു കോടി മാറ്റിവെച്ചെങ്കിലും നടപ്പാക്കിയില്ല. എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും മൂന്ന് സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കാൻ 71 കോടി മാറ്റിവെച്ചെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.
കടലാക്രമണ ഭീഷണി നേരിടുന്നവരെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പുനർഗൃഹം പദ്ധതി നടപ്പാക്കിയിട്ടില്ല. ഒരു വീടിന് 10 ലക്ഷം രൂപക്ക് 12 മാസത്തിനകം പണിതീർത്തില്ലെങ്കിൽ 18% പലിശ സഹിതം പണം തിരിച്ചടയ്ക്കണം എന്നായിരുന്നു വ്യവസ്ഥ. അഞ്ചുമാസമായി ഈ പദ്ധതി നടപ്പാകുന്നതും കാത്തിരിക്കുകയാണ് ജനങ്ങൾ. അതുപോലെ മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് കഴിഞ്ഞ കഴിഞ്ഞ ബജറ്റിൽ 10 കോടി അനുവദിച്ചതിന് പുറമേ കേന്ദ്രസർക്കാർ 177 കോടിയും നൽകിയിരുന്നു. എന്നിട്ടും പണി ഇപ്പോഴും തുടങ്ങിയില്ല.784 ആദിവാസി കുടുംബങ്ങൾക്ക് പുതിയ വീട് വെക്കാൻ ആരംഭിച്ച നവകിരണം പദ്ധതി ഇതുവരെയും പൂർണമായും നടപ്പാക്കിയില്ല. 4000 അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ആകട്ടെ 35 കോടി അനുവദിച്ചുവെങ്കിലും സ്ഥലം എടുത്തതിനിടെ ഉണ്ടായ 49 അഴിമതി കേസുകളിൽ മുങ്ങി പണിമുടങ്ങിക്കിടക്കുന്നു. റബറിന് മിനിമം വിലയായി 250 രൂപ കൊടുക്കുമെന്ന് പറഞ്ഞുവെങ്കിലും നടപ്പായിട്ടില്ല. കൊല്ലത്ത് നിന്നും മാലദ്വീപിലേക്ക് ക്രൂയിസ് വെസൽ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കെഎസ് എന്ന കമ്പനി ഉണ്ടാക്കിയതല്ലാതെ കാര്യം നടന്നിട്ടില്ല. അതുപോലെ 29 കോടി രൂപ മുടക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ടിനെ വാങ്ങുമെന്ന് പറഞ്ഞതല്ലാതെ റോബോട്ട് ഇതുവരെയും ഇങ്ങെത്തിയിട്ടില്ല.
16 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ അനുവദിക്കുമെന്ന് പറഞ്ഞുവെങ്കിലും അതും നടപ്പാക്കിയിട്ടില്ല.25 മറ്റ് പാർക്കുകളും തുടങ്ങുമെന്ന് പറഞ്ഞതല്ലാതെ അതിന്റെ വിവരങ്ങൾ പോലും ഇപ്പോൾ ലഭ്യമല്ലെന്നതാണ് വാസ്തവം. 20 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പബ്ലിക് ഗാർഡറിങ് ഫെസിലിറ്റുകൾ ഏർപ്പെടുത്തുമെന്നും 500 പേർക്ക് വരെ ഒന്നിച്ചു കൂടാനുള്ള വിവിധ സൗകര്യങ്ങൾ ഉണ്ടാവുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിനായി 50 കോടി രൂപ നീക്കിവെച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. കുട്ടനാട്ടിൽ നിലവിലുള്ള പെട്ടിയും പറയും പരിപൂർണ്ണമായും മാറ്റി വെർട്ടിക്കൽ ഏരിയൽ പമ്പ്സ് വെക്കുമെന്ന പ്രഖ്യാപനവും വെള്ളത്തിൽ വരച്ച വര പോലെയായി. അതിനായി 36 കോടി രൂപ അനുവദിച്ചുവെങ്കിലും ഒരു പമ്പും വെച്ചിട്ടില്ല. പഴയ ലക്ഷംവീട് പുനർനിർമ്മിക്കാൻ സുവർണ്ണ ഭവനമെന്നും നവയുഗയെന്നും രണ്ടു പദ്ധതികൾ പ്രഖ്യാപിച്ച് പത്തു കോടി രൂപ മാറ്റിവെച്ചുവെങ്കിലും ഒറ്റ വീടുപോലും ഉണ്ടാക്കിയിട്ടില്ല. ഇൻഫ്രാക്ചർ അപ്ഗ്രഡേഷൻ ഓഫ് ഇൻഡസ്ട്രിയൽ പാർക്കും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിപ്പോയി. ഇൻഡസ്ട്രിയൽ പാർക്കുകൾക്കായി 36 കോടി 60 ലക്ഷം രൂപ നീക്കിവെച്ചിട്ടും അവിടെയും ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനമായിരുന്നു കൊല്ലം തുറമുഖം വികസിപ്പിക്കുമെന്നത്. അതും ഒന്നും നടന്നിട്ടില്ല. കെഎസ്ആർടിസിയിലേക്ക് എക്കോ ഫ്രണ്ടിലി ബസുകൾ വാങ്ങാൻ 92 കോടി രൂപ മാറ്റിവെച്ചുവെന്നല്ലാതെ ഇന്നുവരെ ഒന്നും വാങ്ങിച്ചിട്ടില്ല. ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിങ് കോളേജ് മുൻനിര റിസർച്ച് സെന്റർ ആക്കുവാൻ അഞ്ചു കോടി 28 ലക്ഷം രൂപ അനുവദിച്ചിട്ടും ഒന്നും ചെയ്തിട്ടില്ല. മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് രണ്ടരക്കോടി രൂപ മാറ്റിവെച്ചതല്ലാതെ ഒന്നും സ്ഥാപിച്ചില്ല. അതേപോലെ ഫെറി കടത്താനായി പുതിയ ട്രാൻസ്പോർട്ട് വെസൽസ് വാങ്ങാൻ 22 കോടി 30 ലക്ഷം മാറ്റിവെച്ചുവെങ്കിലും ഒന്നും വാങ്ങിച്ചിട്ടില്ല. അതോടൊപ്പം അക്കാഡമിക് സ്റ്റാൻഡേർഡ് ഉയർത്തിക്കൊണ്ട് ഒരു ജില്ലയിൽ ഒരു മോഡൽ സ്കൂൾ തുടങ്ങുവെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും തുടങ്ങിയിട്ടില്ല. കൊച്ചിയിൽ 150 കോടി രൂപ ചിലവിൽ ഇൻറഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം തുടങ്ങുമെന്ന് പറഞ്ഞുവെങ്കിലും അതും തുടങ്ങിയില്ല. ചരിത്രം, പാരമ്പര്യം, സസ്യവൈവിധ്യം, നാടൻ കലാരൂപങ്ങൾ എന്നിവയ്ക്കായി ശിഖ എന്ന മ്യൂസിയം ഉണ്ടാക്കുമെന്ന് പറഞ്ഞതല്ലാതെ ഉണ്ടാക്കിയിട്ടില്ല. കേരളത്തിലെ ഓരോ മ്യൂസിയവും നവീകരിക്കാൻ ഓരോന്നിനും അഞ്ച് കോടി വീതം കൊടുക്കാമെന്ന് തീരുമാനിച്ചുവെങ്കിലും ഒന്നും നവീകരിച്ചില്ല.
ജില്ലതോറും ഹെറിറ്റേജ് മ്യൂസിയത്തിന് അഞ്ചു കോടി അനുവദിച്ചുവെന്നല്ലാതെ ഒന്നും ഉണ്ടാക്കിയില്ല. കൊച്ചിയിലെ മ്യൂസിയത്തിന് അഞ്ച് കോടി അനുവദിച്ചുവെങ്കിലും മ്യൂസിയം ഉണ്ടായില്ല. സ്പോർട്സ് നോളജ് റെപോസിറ്ററിൽ സ്കീമിന് 50 ലക്ഷം അനുവദിച്ചുവെങ്കിലും കാര്യമായി ഒന്നും ചെയ്തില്ല. വനമേഖലയും തീരമേഖലയിലും ഡി അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കാൻ പത്തു കോടി രൂപ നീക്കിവെച്ചുവെങ്കിലും ഒന്നും സ്ഥാപിച്ചില്ല. അഞ്ച് പുതിയ നേഴ്സിങ് കോളേജുകൾ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സ്ഥാപിക്കുമെന്ന് പറഞ്ഞതല്ലാതെ സ്ഥാപിക്കലൊന്നും നടന്നില്ല. അതോടൊപ്പം അംഗൻവാടി ജീവനക്കാർക്ക് രണ്ട് ലക്ഷം രൂപ കവറേജ് ഉള്ള പുതിയ ഒരു ഇൻഷുറൻസ് സ്കീം നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ അതിനായി ഒരുകോടി 20 ലക്ഷം രൂപ നീക്കിവെച്ചുവെന്നല്ലാതെ പക്ഷേ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുപോലെയുള്ള പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ ഒട്ടേറെ പദ്ധതികളെ ചൂണ്ടിക്കാട്ടിയായിരുന്നു ഷോണിന്റെ വസ്തുതകൾ നിരത്തിയുള്ള വിമർശനം. നിരവധി പേരാണ് ഷോണിനെ പിന്തുണച്ച് സർക്കാരിനെ വിമർശിച്ച് രംഗത്ത് വരുന്നത്.