തൃശ്ശൂർ: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. മൂന്ന് പ്രതികളുണ്ടായിരുന്ന ലഹരിക്കേസിനെ മൂന്ന് കേസുകളാക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒ കെ.എം ബിനീഷിനെയാണ് സസ്പെൻഡ് ചെയ്തത്. എംഡിഎംഎയാണെന്ന ധാരണയില്‍ മയക്കുമരുന്ന് പിടികൂടിയതായിരുന്നു കേസ്. കേസ് മൂന്നെണ്ണമാക്കിയതോടെ മൂന്ന് പ്രതികള്‍ക്കും ജാമ്യം കിട്ടുന്ന സ്ഥിതിയായി. നിശ്ചിത അളവില്‍ മയക്കുമരുന്ന് പിടികൂടിയാല്‍ മാത്രമേ, ജാമ്യമില്ലാവകുപ്പ് ചുമത്താനാകൂ എന്നതിനാലാണ് മൂന്നു പേർക്കും ജാമ്യം കിട്ടിയത്. സംഭവത്തില്‍ അസ്വാഭാവികത തോന്നിയ റൂറല്‍ എസ്പി ബി. കൃഷ്ണകുമാർ റേഞ്ച് ഡി ഐജിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തില്‍ നോർത്ത് സോണ്‍ ഐജിയാണ് എസ്എച്ച്ഒയെ സസ്പെഡ് ചെയ്തത്. അതേസമയം മയക്കുമരുന്നുകേസുകളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാനുള്ള ശ്രമമായിരുന്നു എസ്എച്ച്ഒയുടേതെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.