തിരുവനന്തപുരം: കെ.പി.പി.സി.അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരനും ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രനുമെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍.
കെപിസിസി പ്രസിഡന്റായിരുന്നില്ലെങ്കിലും സുധാകരന് ബിജെപി സംസ്ഥാന അധ്യക്ഷനാകുമായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. സുധാകരന് ബിജെപിയുടെ ചൂണ്ടയിൽ വീണതായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം കിട്ടിയതോടെയാണ് അദ്ദേഹം ചാടിപ്പോയത്.
പ്രകാശ് ജാവ്ദേക്കര്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നതായും നന്ദകുമാര്‍ ആരോപിച്ചു. കെ.മുരളീധരനുമായും രമേശ് ചെന്നിത്തലയുമായുമൊക്കെ സംസാരിച്ചിട്ടുണ്ടായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്കുട്ടിയുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ ശോഭാ സുരേന്ദ്രനാണ് സംസാരിച്ചതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് വില്ക്കാന് ശ്രമിച്ച ഭൂമി ശോഭാ സുരേന്ദ്രന് അന്യായമായി തട്ടിയെടുത്തതാണെന്നും നന്ദകുമാര്‍ ആരോപിച്ചു. ‘മോഹന്‍ദാസ് എന്നയാള്‍ അയാളുടെ ഭാര്യയായ പ്രസന്നയുടെ പേരിലുള്ള ഭൂമി മുക്ത്യാര്‍ വഴി ശോഭാ സുരേന്ദ്രന് നല്‍കുകയായിരുന്നു.
പ്രസന്ന അറിയാതെയാണ് ഈ ഭൂമി നല്‍കിയത്. ഇതേത്തുടര്‍ന്നുള്ള തര്‍ക്കം മൂലമാണ് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നത്. ശോഭാ സുരേന്ദ്രന് ബാങ്ക് വഴി അഡ്വാന്‍സ് നല്‍കിയിരുന്നു. അവര്‍ പിന്നീട് ഒഴിഞ്ഞുമാറി നടന്നു’, നന്ദകുമാർ പറഞ്ഞു.
‘പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിക്കായി അവിടുത്തെ മുഖ്യമന്ത്രിക്ക് നല്‍കാനാണ് ശോഭാ സുരേന്ദ്രന് ഭൂമി വിറ്റും മറ്റും പണം ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചിരുന്നത്. കെ.സുരേന്ദ്രനും വി.മുരളീധരനും ബി.എല്‍ സന്തോഷും പാര്‍ട്ടിയില്‍ തഴഞ്ഞതോടെയാണ് ഒരു പദവി നേടിയെടുക്കാന്‍ ശോഭ ശ്രമം ആരംഭിച്ചത്.
പുതുച്ചേരി മുഖ്യമന്ത്രി വഴി ഒരുകോടി രൂപ നല്കിയാല് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവി കിട്ടുമെന്നും പണം ആവശ്യമാണെന്നും ശോഭ എന്നോട് പറഞ്ഞു. 80 ലക്ഷം രൂപ കൈയിലുണ്ടെന്നും ഭൂമിക്ക് അഡ്വാന്‍സായി 20 ലക്ഷം തന്നാല്‍ ഗവർണർ പോസ്റ്റിനായുള്ള പണം കൈമാറാമായിരുന്നെന്നും അവര്‍ പറഞ്ഞു. ഞാന്‍ പത്ത് ലക്ഷമാണ് അഡ്വാന്‍സായി നല്‍കിയത്.
ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെവന്നപ്പോള്‍ രണ്ടു തവണ കത്തയച്ചു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായി. ക്രൈം നന്ദകുമാറിനെ ഒടുവില്‍ മധ്യസ്ഥനായി അയച്ചു. ബുദ്ധിമുട്ടിക്കരുതെന്നാവശ്യപ്പെട്ടു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പണം നല്‍കാമെന്ന് അവർ അറിയിച്ചു.
എന്നാല്‍, പണംകിട്ടിയില്ല. ഹവാലക്കാരന്‍ പണം കൊണ്ടുപോയി. മോഹന്‍ദാസ് എന്നയാളുടെ കെണിയിലാണ് ശോഭാ സുരേന്ദ്രന്. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറെന്ന ഒരിക്കലും നടക്കാത്ത സ്വപ്നത്തിനാണ് ശോഭ ഒരു കോടി രൂപ കൊണ്ടുപോയി നല്‍കിയത്. അതില്‍ എന്റെ പത്ത് ലക്ഷം രൂപയും പോയി’, നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.