കൊച്ചി: മലയാള സിനിമയിലെ യുവനടിമാരില്‍ പ്രശസ്തയായ നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അഖില സന്യാസ വേഷത്തില്‍ നില്ക്കുന്ന ചിത്രവും അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് വാര്‍ത്തയായത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖില വിമല്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.
ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്ക്കാര് ചോദിച്ചു. ഇല്ല ഞെട്ടിയില്ല. തന്റെ ചേച്ചിക്ക് 36 വയസായി. ഒരു ദിവസം പോയി സന്യാസി ആയതല്ല. കൃത്യമായി ആ വഴിക്ക് വേണ്ടതെല്ലാം ചെയ്തിട്ടാണ് പോയത്. അത് തീര്‍ത്തും അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്. നമുക്കിതിനെപ്പറ്റി കാര്യമായി അറിയില്ല. അത്രയും വിവരമോ, ബുദ്ധിയോ വിദ്യാഭ്യാസമോ എനിക്കില്ല. കേള്‍ക്കുന്ന നിങ്ങള്‍ക്ക് ഞെട്ടലുണ്ടെന്നല്ലാതെ ഞങ്ങള്‍ക്കില്ല. സാധാരണ ഒരു വീട്ടില്‍ ആളുകള്‍ പഠിക്കും, ജോലി ചെയ്യും, വിവാഹം കഴിക്കും. എന്റെ വീട്ടില്‍ അങ്ങനെയല്ല, വ്യത്യാസമാണ്.
നന്നായി പഠിക്കുന്നയാളാണ് ചേച്ചി. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. സഹോദരിയുടെ കാര്യത്തിലും അത് വേണം. സഹോദരിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ട്. ജീവിതത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുന്നയാളാണ് സഹോദരിയെന്ന് നിഖില പറയുന്നു.
എന്റെ അച്ഛന് നക്സലൈറ്റായിരുന്നു. നക്സലൈറ്റിന്റെ മോള് എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും. ഞാന്‍ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആള്‍ക്കാരുടെ ചോയിസല്ലേ. നോര്‍മലായ ഒരു വീടല്ല എന്റേത്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്നമേയല്ല. എന്റെ വീട്ടുകാര്‍ക്കില്ലാത്ത ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും നിഖില വ്യക്തമാക്കി.