വത്തിക്കാൻ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചർദിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ മെക്കാനിക്കൽ വെൻ്റിലേഷനിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചത്. അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായതുപോലെയുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങൾ പിന്നീട് ഉണ്ടായില്ലെന്നും പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്തിയില്ലെന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ അടുത്ത 48 മണിക്കൂർ കൂടി പോപ്പ് നിരീക്ഷണത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. 88 വയസുള്ള മാർപ്പാപ്പയുടെ ആരോഗ്യസ്ഥി കഴിഞ്ഞ ദിവസം ഏറെ സങ്കീർണമായിരുന്നു. പിന്നാലെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.