എൻഎസ്എസ് നേതൃത്വവുമായി വർഷങ്ങളായി അകൽച്ചയിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വർഷങ്ങൾക്ക് ശേഷം എൻഎസ്എസിനും ചെന്നിത്തലയ്ക്കും ഇടയ്ക്കുള്ള മഞ്ഞ് ഉരുകുകയാണ്. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് 8 വർഷമായുള്ള അകൽച്ചയ്ക്ക് അന്ത്യമായത്. കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചർച്ച സജീവമാകുന്നതിനിടെയാണ് മന്നംജയന്തി സമ്മേളനത്തിൽ ചെന്നിത്തല മുഖ്യപ്രഭാഷകനായി എത്തുന്നത്. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി വി.ഡി സതീശനോ ചെന്നിത്തലയോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍എസ്എസ് നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കും ഇടയിലുള്ള മഞ്ഞുരുകുന്നതോടെ കേരളത്തിലെ പ്രബല സമുദായമായ എന്‍എസ്എസിന്റെ പിന്തുണ ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിലവിൽ മുസ്ലീം ലീഗിന് താൽപ്പര്യം ചെന്നിത്തലയോടാണ്. അങ്ങനെയെങ്കിൽ വിഡി സതീശനേക്കാൾ സാമുദായിക പിന്തുണ ചെന്നിത്തലയ്ക്ക് ലഭിക്കും.
2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2013ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല -എൻഎസ്എസ് അകൽച്ചയിലേക്ക് നയിച്ചത്. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിലേക്കാണ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. തനിക്ക് ക്ഷണം ഉണ്ടെന്ന് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. താൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസുമായി പല ഘട്ടങ്ങളിലും എൻഎസ്എസ് അകന്നിട്ടുണ്ട്. മുൻപ് കോൺഗ്രസുമായി അകന്നപ്പോഴായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വതന്ത്ര നിലപാട് എന്ന സമീപനം അറിയിച്ച് ‘ശരി ദൂരം’ പ്രഖ്യാപിച്ചത്. അപ്പോഴും, അടുപ്പമുള്ള നേതാക്കളെ ‘സഹായിക്കുന്ന’ സമീപനം എൻഎസ്എസ് നേതൃത്വം സ്വീകരിച്ചിരുന്നു. ഭൂരിപക്ഷ പിന്തുണ ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തിൽ നിന്നു പിന്തള്ളപ്പെട്ടതിൽ രമേശ് ചെന്നിത്തലയ്ക്ക് അമർഷമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡിന്റെ എതിർ നിലപാട് അംഗീകരിക്കാൻ അന്ന് തയ്യാറാവുകയായിരുന്നു. കെ.സി. വേണുഗോപാൽ, ഡോ. ശശി തരൂർ എന്നിവർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമായപ്പോൾ ചെന്നിത്തല തഴയപ്പെടാൻ കാരണം മൂന്നുപേർ ഒരേ സമുദായത്തിൽ നിന്ന് പറ്റില്ല എന്നതായിരുന്നു.
മണിയാർ വൈദ്യുതി കരാർ ഉൾപ്പെടെ ചെന്നിത്തല രണ്ടാം പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിൽനിന്നോ യുഡിഎഫിൽ നിന്നോ വേണ്ടത്ര പിന്തുണ കിട്ടാത്തതിലും അദ്ദേഹം അസംതൃപ്തനാണ്.ഈ അവസ്ഥയിലാണ് എൻഎസ്എസ് നേതൃത്വം ചെന്നിത്തലയെ ജനുവരി 2ന് മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ ക്ഷണിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി എൻഎസ്എസ് പണ്ടേ നല്ല ബന്ധത്തിലല്ല. ‘സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന’ അദ്ദേഹത്തിന്റെ പ്രസ്താവന സുകുമാരന്‍ നായരെ ചൊടിപ്പിച്ചിരുന്നു. ‘ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകു’മെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നൽകിയിരുന്നു. കോൺഗ്രസിൽ സമീപകാലത്ത് സതീശൻ നടത്തുന്ന മുന്നേറ്റങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങൾക്ക് അത്രകണ്ട് പിടിക്കുന്നില്ല. ശരിക്കും രമേശ് ചെന്നിത്തലയ്ക്കുള്ള പിന്തുണ സതീശനെ കൂടി ഉന്നം വച്ചുകൊണ്ടാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടന്നു വരാനുള്ള സതീശന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകുകയാണ് ലക്ഷ്യം. എസ്എൻഡിപിയും സതീശനെ തന്നെ ഉന്നം വച്ചുകൊണ്ട് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 28ന് വൈക്കം ആശ്രമം സ്കൂളിൽനിന്ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയോട് അനുബന്ധിച്ചുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തലയാണ്. സംസ്ഥാന ഭരണം അവസാനിപ്പിക്കാൻ ഒന്നരവർഷക്കാലം മാത്രം അവശേഷിക്കുമ്പോൾ ഭൂരിപക്ഷ സമുദായ സംഘടനകളുടെ പിന്തുണയിൽ ചെന്നിത്തല ഹാപ്പിയാണ്. ഈ പിന്തുണ ചെന്നിത്തലയ്ക്ക് വലിയ കരുത്താകും നൽകുക. പാർട്ടിയിൽ വിലപേശലിനുള്ള ശേഷി വർധിക്കും. വിശാല ഐ ഗ്രൂപ്പ് സജീവമാക്കാനുള്ള നീക്കം ഉഷാറാക്കുന്നതിനും എൻഎസ്എസിന്റെ ഈ പിന്തുണ കാരണമായിക്കൂടെന്നില്ല.