പാലക്കാട്: നെല്ല് സംഭരണം വൈകുന്നതും സംഭരണ വില വർധിപ്പിക്കാത്തതും അടക്കം വിവിധ പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന പാലക്കാട്ടെ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഇടുക്കി, വയനാട് പാക്കേജ് പോലെ പാലക്കാട്ടെ കർഷകരുടെ പ്രശ്നങ്ങൾ നേരിടാനുതകുന്ന പാക്കേജ് ആണ് ആവശ്യം. കേന്ദ്രം സംഭരണ വില കൂട്ടുമ്പോഴും ആനുപാതികമായി കുറക്കുന്ന സംസ്ഥാന നീക്കം അപലപനീയമാണ്. കേന്ദ്ര വിഹിതം നേരിട്ട് കർഷകർക്ക് ലഭിക്കുകയെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കാനായി ഇടപെടുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് സിവിൽ സപ്ളൈയ്സ് ഓഫീസിനു മുന്നിൽ കുഴൽ മന്ദം ബ്ലോക്ക് പാടശേഖര സമിതി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഒഡിഷ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെല്ലാം 31 രൂപയാണ് സംഭരണ വില ലഭിക്കുന്നത്. കേരളത്തിലെ കർഷകരെ മാത്രം സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 28 രൂപയെങ്കിലും കൃത്യമായി കർഷകർക്ക് ലഭിക്കണം. കർഷകരുടെ വിഷയങ്ങൾക്ക് ഒപ്പം എന്നും എൻ ഡി എ ഉണ്ടാകും. കർഷക മോർച്ച സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സമര നാടക നീക്കമാണ് കോൺഗ്രസ്സ് നടത്തിയത്. കർഷകരോട് ഇരു മുന്നണികൾക്കും ആത്മാർത്ഥത ഇല്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.
നഗരസഭയിലെ പട്ടിക്കരയിൽ നിന്നാണ് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രഭാത പര്യടനം ആരംഭിച്ചത്. തുടർന്ന് കറുകോട് വൃന്ദാവൻ കോളനിയിലെത്തി. പിന്നീട് സിവിൽ സപ്ലൈയ്സ് ഓഫീസിന് കർഷക മാർച്ചിലും തുടർന്ന് പ്രസ്സ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിലും സ്ഥാനാർത്ഥി സംബന്ധിച്ചു.