ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ശ്രീനാഥ് ഭാസി. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യത്തില്‍ അറിയിച്ചു. കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യം. അറസ്റ്റിലായാൽ സിനിമ ഷൂട്ടിംഗ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ വർഷം സിനിമ ഷൂട്ടിങിനിടയിൽ ഒരു ആരാധിക വഴിയാണ് തസ്ലീമയെ പരിചയപ്പെട്ടത്. പിന്നീട് ഫോണിൽ വിളിച്ചു കഞ്ചാവ് വേണോ എന്ന് ചോദിച്ചു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ കട്ട് ചെയ്തു. പിന്നാലെ, ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചെന്നും തസ്ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചു.