തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്.
ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. കഴിഞ്ഞ വർഷം മെയ് 25- നായിരുന്നു ഹയർസെക്കൻഡറി ഫലപ്രഖ്യാപനം.
ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ആകെ 4,41,120 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു.
ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ റഗുലർ വിഭാഗത്തിൽ 27,798 -ഉം പ്രൈവറ്റ് വിഭാഗത്തിൽ 1,502- ഉം ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ഇതിൽ 18,297 ആൺകുട്ടികളും 11,003 പെൺകുട്ടികളും ഉൾപ്പെടുന്നു. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തത്.