സംസ്ഥാന സ്കൂള്‍ കലോത്സവം തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായാണ് കലോത്സവം നടത്താനൊരുങ്ങുന്നത്. ജനുവരി നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
249 ഇനങ്ങളിലായി 15,000 പേര് കലോത്സവത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തദ്ദേശീയ കലാരൂപങ്ങള്‍കൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. 180 ഇനങ്ങളില്‍ മത്സരമുണ്ടാകും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരാത്തില് മാറ്റുരയ്ക്കും.സംസ്ഥാന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വൊക്കേഷണല്‍ എക്സ്പോയും കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്റെ ഭാഗമായുണ്ട്.