തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദിയിൽ കലപ്രകടനങ്ങൾക്ക് പുറമെ വിസ്മയ കാഴ്ചകളും ഏറെയാണ്. അത്തരത്തിൽ കരവിരുതിൻ്റെ വിസ്മയമൊരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവൃത്തി പരിചയ പ്രദർശന വിപണന മേള. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മേള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി കുട്ടികളെ അഭിനന്ദിച്ചു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികളുടെ കരവിരുതുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ വിദ്യാര്‍ഥികള്‍ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക. വിവിധ ജില്ലകളിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ സെൻ്ററുകൾ കൂടാതെ സ്കൂൾ ക്ലബ്, സബ്ജില്ലാ ക്ലബ് തുടങ്ങി പ്രവർത്തി പരിചയ ക്ലബുകളുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്.