തിരുവനന്തപുരം: തൃശ്ശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയില്ലെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നതിനാല്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം. കെ സുരേന്ദ്രന് വിശ്വസിക്കുന്നത് പോലെ താന്‍ ആംബുലന്‍സില്‍ കയറിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പ്രസംഗിച്ചത്. എന്നാല്‍ ഒരു ദിവസത്തിന് ശേഷം പറഞ്ഞത് സ്വയം വിഴുങ്ങിയിരിക്കുകയാണ് അദ്ദേഹം.
അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗത്തില്‍ മറുപടിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതികരിച്ചു. തന്തക്ക് പറയുമ്പോള്‍ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്നും എന്നാല്‍ അത് പറയുന്നില്ലെന്നും വിഡി സതീശന് മറുപടി പറഞ്ഞാ മതിയെന്നും എംവി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.