വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ആദരം. സബീനയ്ക്ക് ധീരതയ്ക്കുള്ള കല്പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. കല്പന ചൗള പുരസ്കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സബീനയ്ക്ക് സമ്മാനിക്കും. തമിഴ്നാട് നീലഗിരി സ്വദേശിനിയാണ് സബീന.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. സിപ് ലൈനിലൂടെ മെഡിക്കല്‍ കിറ്റുമായി ആത്മധൈര്യത്തോടെ പുഴ കടന്ന് വെല്ലുവിളികളെ അതിജീവിച്ച് ദുരന്തബാധിതരെ പരിചരിച്ചതിനാണ് ആദരം. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎസ്.എച്ച്) ഹെല്‍ത്ത് കെയര്‍ ആതുര സേവന വളണ്ടിയര്‍ വിഭാഗത്തിലെ നഴ്സാണ് സബീന. വടത്തില്‍ തൂങ്ങി സബീന മറുകരയിലെത്തിയത് പിന്നീട് ദുരന്തമുഖത്ത് എത്തിയ ഡോക്ടര്‍മാര്‍ക്കും പുരുഷ നഴ്സുമാര്‍ക്കും മറുകരയിലേക്ക് പോകുന്നതിന് ധൈര്യം പകരുകയും ചെയ്തിരുന്നു.
ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയ്കുള്ള പാലം തകര്‍ന്നതോടെയാണ് വടത്തില്‍ തൂങ്ങി മറുകരയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്. സബീനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കയ്യടി നേടിയിരുന്നു.