തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുമെന്ന് അധ്യാപകര്‍. ലാബ് ഉള്‍പ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ പുറകോട്ടടിക്കുമെന്നുമാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് കൂടുതൽ പേർക്ക് പ്ലസ് വൺ പ്രവേശനം ലക്ഷ്യമിട്ട് മാർജിനൽ സീറ്റ് വർദ്ധനയും താത്ക്കാലിക ബാച്ചുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോൾ ഏറെ തിരിച്ചടിയാവുക മലബാറിലെ വിദ്യാർത്ഥികൾക്കാണ്. കോഴിക്കോട് മാത്രം ഇക്കുറി ഉപരിപഠന യോഗ്യത നേടിയത് 43720 പേരാണ്.
മലപ്പുറം ഓൺലൈൻ തട്ടിപ്പ്; അന്വേഷണം നീളുന്നത് ഗുരുതര സൈബർ കുറ്റകൃത്യങ്ങളിലേക്ക്
ആകെയുളളത് 30,700 സീറ്റുകളും. താത്ക്കാലിക വർദ്ധന നടത്തിയാൽ പോലും 7,000ൽപ്പരം പേർ ക്ലാസിന് പുറത്താകും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.
50പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്സ് വിദ്യാർത്ഥികൾ കൊമേഴ്സ് ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റുകൂട്ടിയാൽ വിദ്യാർത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്. മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല.
താത്ക്കാലിക ബാച്ചിനും മാർജിനൽ വർദ്ധനക്കും പകരം സ്ഥിരം ബാച്ച് അനുവദിച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ, നിയമനം തുടങ്ങി ഒട്ടേറെ കടമ്പകൾ സർക്കാരിന് മുമ്പിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സ്ഥിരം സംവിധാനത്തിന് പകരം സീറ്റ് വർദ്ധനയിലേക്ക് സർക്കാർ കടക്കുമ്പോൾ ഗുണത്തേക്കാളേറെ ദേഷമാകും ഉണ്ടാകുക.