ഹൈദരാബാദ്: വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു. മോഹൻ ബാബു തന്നെ വിളിച്ച വാർത്ത സമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹം മൈക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തെലുഗിലെ മുതിർന്ന നടനായ മോഹൻ ബാബുവും ഇളയ മകൻ മഞ്ജു മനോജും തമ്മിലുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കുടുംബ പ്രശനം ചർച്ചയായിരുന്നു. മകൻ മഞ്ജു മനോജും സംഘവും ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട് കയ്യടക്കി എന്ന് ഡിസംബർ 8 ന് മോഹൻ ബാബു പൊലീസിൽ പരാതി നൽകിയിരുന്നു. മോഹൻ ബാബുവിന്റെ സ്റ്റാഫിനോട് പുറത്തു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മോഹൻ ബാബുവിന്റെ സെക്യൂരിറ്റി തന്നെ ആക്രമിച്ചു എന്ന് പറഞ്ഞ് മഞ്ജു മനോജും മോഹൻ ബാബുവിനെതിരെ പരാതി നൽകിയിരുന്നു. സ്വത്തിൽ ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താൻ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച വാർത്ത സമ്മേളനം നടക്കുന്നതിനിടെ മഞ്ജു മനോജ് വീട്ടിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഭവത്തിനിടയിലാണ് മാധ്യമ പ്രവർത്തകന് നേരെയും ആക്രമണം ഉണ്ടായത്. മാധ്യമ പ്രവർത്തകന് പരിക്കേറ്റതിൽ സംഘടന അപലപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.