മുംബൈ: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനേയും ബി.സി.സി.ഐയേയും വിമർശിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിലാണുള്ളത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വാർത്തകൾ കാണുന്നു. ഇത് സത്യമാണെങ്കിൽ ബംഗ്ലാദേശ് പരമ്പരക്ക് ആരാണ് അനുമതി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഹിന്ദുസംഘടനയുടെ പ്രതിഷേധമുണ്ടായിരുന്നു. ഹിന്ദു മക്കൾ കക്ഷിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാറും ബി.സി.സി.ഐയും ഇടപ്പെട്ട് പരമ്പര നിർത്തിവെപ്പിക്കണമെന്നാണ് ആവശ്യം.
ഹിന്ദു മക്കൾ കക്ഷി അധ്യക്ഷൻ അർജുൻ സമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുന്ന സാഹചര്യത്തിൽ പരമ്പര പാടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. 1971ൽ 26 ശതമാനമുണ്ടായിരുന്ന ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ ഇപ്പോൾ ഏഴ് ശതമാനമായി ചുരുങ്ങിയെന്നും അർജുൻ സമ്പത്ത് ആരോപിച്ചു.
ചെന്നൈയിലെ എം.ചിദംബരനാഥ് സ്റ്റേഡിയത്തിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പരമ്പര ഉടൻ റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളാണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. അതുകൊണ്ട് ഉടൻ തന്നെ പരമ്പര നിർത്തിവെക്കാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.