തിരുവനന്തപുരം : ഇരുപത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വാൾട്ടർ സാലസിന്റെ ‘ഐ ആം സ്റ്റിൽ ഹിയർ ‘ ആണ് ഐഎഫ്എഫ്കെ യുടെ ഉദ്ഘാടന ചിത്രം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ഷബാന ആസ്മി വിശിഷ്ടാതിഥിയാകും. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന ഷബാന ആസ്മിയെ ചടങ്ങിൽ ആദരിക്കും.
ഹോങ്കോംഗ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടിയുമായ ആൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും.10 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബർ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സംവിധായിക പായൽ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിക്കും .
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ ഉൾപ്പെടുന്നതാണ് 29ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള.
ലോകമെമ്പാടുമുള്ള മികച്ച സിനിമകൾ, പ്രശസ്ത സംവിധായകർ, സാങ്കേതിക വിദഗ്ധർ, പ്രേക്ഷകർ എന്നിവരെ ആകർഷിക്കുന്ന ഫെസ്റ്റിവൽ ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക പരിപാടികളിലൊന്നായി അംഗീകരിക്കപ്പെടുന്നു.