തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രപ്രദേശ് റവന്യൂ മന്ത്രി അനഗനി സത്യ പ്രസാദ് പറഞ്ഞു. മന്ത്രിമാരുടെ സംഘം റൂയ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ ആറ് പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു .
തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് ഇന്നലെ വൈകിട്ടോടെയാണ് ദുരന്തമുണ്ടായത്. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതുമൂലം തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.