തൃശൂര്‍: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും ഇ പിയെ വിശ്വസിച്ചും സി പി ഐ എം. പാര്‍ട്ടിക്കെതിരായ മാധ്യമ ഗൂഢാലോചനയാണ് വിവാദമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. വിഷയത്തില്‍ ഇ പി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതാണ് പാര്‍ട്ടി ഇപ്പോള്‍ മുഖവിലയ്ക്കെടുക്കുന്നതെന്നും ഗോവിന്ദന് വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കുന്ന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തോന്നിവാസ വാര്‍ത്ത ഉണ്ടാക്കി പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് ഗോവിന്ദന് വിമര്‍ശിച്ചു. പുസ്തകത്തെ തന്നെ ജയരാജന് തള്ളിപ്പറഞ്ഞിട്ടുണ്ട്. അതിനാല്‍ അതില്‍ ചര്‍ച്ചയില്ല. ജയരാജന്റെ പുസ്തക രചന പൂര്‍ത്തിയായിട്ടില്ല. വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ജയരാജന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി.
വിഷയം പാര്‍ട്ടി പരിശോധിക്കുമോ എന്ന ചോദ്യത്തിന് എന്താണ് പാര്‍ട്ടി പരിശോധിക്കാത്തത് എന്ന മറുചോദ്യമാണ് എം വി ഗോവിന്ദന് ഉയര്‍ത്തിയത്. ഒരു നേതാവിന് പുസ്തകം എഴുതാന്‍ പാര്‍ട്ടി അനുമതി വേണ്ട, എന്നാല്‍ പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടിയോട് ആലോചിക്കണമെന്നും ഗോവിന്ദന് അഭിപ്രായപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിലെ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നാണ് വിവാദത്തെ കുറിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. ജയരാജന്റെ വിശദീകരണത്തോടെ തീരേണ്ട വിവാദമാണ്. എന്നാല്‍ പിന്നെയും വിവാദം തുടരുന്നത് സദുദ്ദേശപരമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്നായിരുന്നു ചേലക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപിന്റെ പ്രതികരണം. പുസ്തകം കൈയില്‍ കിട്ടിയിട്ട് അതില്‍ തന്നെ കുറിച്ച് പരാമര്‍ശം ഉണ്ടെങ്കില്‍ പ്രതികരിക്കാമെന്ന് പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി സരിന് അഭിപ്രായപ്പെട്ടു.