വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ഡ്യൂപ്ലിക്കേറ്റ് ആർ.സി.) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി.കേന്ദ്രനിർദേശത്തെത്തുടർന്നാണിത്. നിലവിൽ ആർ.സി. പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി. കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമം ഒഴിവാക്കി. പത്രപ്പരസ്യം നൽകിയശേഷം അതിന്റെ പകർപ്പ് ഹാജരാക്കി ആർ.സി. പകർപ്പിന് അപേക്ഷിക്കാം.
വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാൽ അസൽ പകർപ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകർപ്പെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചത്. വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുസ്തകരൂപത്തിൽ നൽകിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട നടപടിക്രമങ്ങളായിരുന്നു പോലീസിന്റെ സാക്ഷ്യപത്രം വാങ്ങുന്നത് ഉൾപ്പെടെയുള്ളവ. മോട്ടോർവാഹനരേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ അസൽരേഖകളുടെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. രേഖകളുടെ ആധികാരികത ഓൺലൈനിൽ പരിശോധിക്കാനാകും.
ആർ.സി.യുടെ പകർപ്പ് ലഭിക്കണമെങ്കിൽ പോലീസിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റും, പരസ്യവും മുദ്രപ്പത്രത്തിലെ സത്യവാങ്മൂലവും ആവശ്യമായിരുന്നു. അപേക്ഷയിൽ ആർ.സി.യുടെ ചിത്രവും അപ്ലോഡ് ചെയ്യണം. നഷ്ടമായ രേഖയുടെ ചിത്രമില്ലെങ്കിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമായിരുന്നില്ല.