മധുര: ആശ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ച്, അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് കേന്ദ്രമാണെന്ന് എംഎ ബേബി.
പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയാണെങ്കിലും സെക്രട്ടേറിയറ്റിനു മുന്പില് നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ സമരംകൊണ്ട് ഒരു പ്രയോജനമുണ്ടായി. ആശാ വര്‍ക്കര്‍മാരുടെ പ്രതഫലം ഏഴായിരം രൂപയാക്കി വര്‍ധിപ്പിച്ചത് എല്‍ഡിഎഫാണെന്ന് പൊതുസമൂഹം ചര്‍ച്ചചെയ്തു. ഇതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. പദ്ധതിയുടെ നിര്‍വചനങ്ങള്‍ മാറ്റി ആശകളെ തൊഴിലാളികളായി അംഗീകരിക്കണം. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ കൊടുക്കണം. കേന്ദ്രം ചെയ്യേണ്ട കാര്യം, സംസ്ഥാന സര്‍ക്കാരാണ് ചെയ്യേണ്ടതെന്ന മട്ടില്‍ അവതരിപ്പിച്ചു എന്നതാണ് ആശാ പ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്നും അദ്ദേഹം പറഞ്ഞു.
ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതര സംസ്ഥാനങ്ങള്‍ നല്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും വിഷയം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെച്ചു. ആശാ വര്ക്കര്മാര്ക്കടക്കം നല്‍കേണ്ട കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്നും അതുംകൂടി സംസ്ഥാന സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇക്കഴിഞ്ഞ ബജറ്റില്‍ 52 ലക്ഷം കോടിയുടെ അടങ്കലാണ് കേന്ദ്ര ബജറ്റിലുള്ളത്. അതില്‍ കേന്ദ്രവും സംസ്ഥാനവും നടപ്പാക്കുന്ന പദ്ധതികള്‍ക്കായി വിനിയോഗിച്ചത് 25 ലക്ഷം കോടി. 2.8 ശതമാനം ജനസംഖ്യയുള്ള കേരളത്തിന് ഈ 25 ലക്ഷം കോടിയില്‍നിന്ന് വിവിധ പദ്ധതികള്‍ക്കായി ലഭിക്കാന്‍ അവകാശമുള്ളത് 70,000 കോടിയാണ്. എന്നാല്‍, ലഭിക്കേണ്ടതിന്റെ നേര്പ്പകുതിയായ 35,000 കോടി രൂപയാണ് ലഭിച്ചത്. കേരളത്തിനുനേരെ സാമ്പത്തിക കടന്നാക്രമണം നടത്തുന്നു. കടുത്ത സാമ്പത്തിക പ്രയാസത്തില്നില്ക്കുമ്പോഴാണ് കേരളം കേന്ദ്രം നല്‍കേണ്ട ഫണ്ടുകൂടി നല്‍കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ വിരമിക്കല്‍ ആനുകൂല്യം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്. അതിനുള്ള സാവകാശം കേരള സര്‍ക്കാരിന് നല്കാന് ആശാ വര്‍ക്കര്‍മാര്‍ക്ക് ചുമതലയുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.