ന്യൂഡൽഹി : ജനാധിപത്യത്തിനും ആഭ്യന്തര സുരക്ഷക്കും ഭീഷണി ഉയർത്തുന്നതിന്റെ പേരിൽ ഹിസബത് തഹ്രീറിന്റെ (എച്ച്.യു.ടി) പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജറുസലേമിൽ സ്ഥാപിതമായ തീവ്രവാദ സംഘടനയാണ് എച്ച്.യു.ടി.
ഹിസബത് തഹ്രീറുമായി ബന്ധമുള്ള വ്യക്തികളുടെയോ അനുബന്ധ സംഘടനകളുടെയോ പ്രവർത്തനങ്ങളാണ് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
ഐ.എസ് പോലുള്ള ഭീകര സംഘടനകളിൽ ചേരാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനും എച്ച്.യു.ടി ശ്രമിക്കുന്നു.
രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ സംഘടനക്ക് പങ്കുണ്ടെന്നും സമൂഹമാധ്യമങ്ങൾ, ആപ്പുകൾ എന്നിവ വഴി യോഗങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 1953ൽ ജറുസലേമിൽ സ്ഥാപിതമായ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബത് തഹ്രീർ.