- സംഭവബഹുലമായൊരു ആഴ്ചയാണ് കടന്നുപോവുന്നത്. ഈ ആഴ്ചയിലും പ്രധാന സംഭവവികാസങ്ങളെല്ലാം രാഷട്രീയവുമായി ബന്ധപ്പെട്ടുതന്നെയായിരുന്നു. രണ്ടാഴ്ചക്കാലമായി കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം എഡിഎം നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട പി പി ദിവ്യയെ എന്തുകൊണ്ട് പോലീസ് അറസ്റ്റു ചെയ്തില്ലെന്നായിരുന്നു. സി പി എമ്മും പൊലീസും നടത്തിയ ഒത്തുകളിയുടെ ക്ലൈമാക്സ് സീനും കേരള ജനത കണ്‍കുളിര്‍ക്കെ കണ്ടു.
- കേരള ജനത ഏറെ സന്തോഷത്തോടെ കേട്ട വാര്‍ത്ത പി പി ദിവ്യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരുപാധികം തള്ളിയെന്നതായിരുന്നു. പി പി ദിവ്യയ്ക്ക് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിവ്യ ഏറെ നാടകീയമായി പൊലീസിനുമുന്നില്‍ കീഴടങ്ങിയതും പിന്നീടുള്ള ജയില്‍ യാത്രയും ദൃശ്യമാധ്യമങ്ങള്‍ ലൈവായും പത്രമാധ്യമങ്ങള്‍ പടങ്ങളുടെ അകമ്പടിയോടെയും നല്കിരുന്നു.
- വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായ പ്രിയങ്കാ ഗാന്ധിയുടെ വരവാണ് കേരളം കണ്ട മറ്റൊരു സംഭവം. സ്വന്തം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥി എത്തിയതും പ്രിയങ്കയുടെ പ്രസംഗവും ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായി മാറുകയായിരുന്നു.
- പൂരം കലങ്ങിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയതും സുരേഷ് ഗോപിയുടെ പൂരനഗരിയിലേക്കുള്ള ആംബുലന്‍സ് യാത്രയും വലിയ വിവാദങ്ങളായി മാറിയതും ഈ ആഴ്ചത്തെ മറ്റൊരു പ്രധാന സംഭവമായി.
- സുരേഷ് ഗോപിയെ പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത് ആരാണ് ? പൂരം കലക്കാനായി നടന്നഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചു എന്നീ ചര്‍ച്ചകള്‍ സജീവമായിരിക്കുമ്പോഴാണ് പൂരം കലങ്ങിയിട്ടില്ലെന്നും തെറ്റായ പ്രചാരവേലകളാണ് നടക്കുന്നതെന്ന മറുവാദവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. പൂരം കലങ്ങിയെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢോലചന നടന്നുവെന്നും ആരോപണമുന്നയിച്ച സി പി ഐ ഇതോടെ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയെ തിരുത്തി സി പി ഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തിയെങ്കിലും ഒരു രാഷ്ട്രീയ ഏറ്റുമുട്ടലിനൊന്നും സി പി ഐ മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.
- സുരേഷ് ഗോപിയും ഈ ആഴ്ചത്തെ വാര്‍ത്താ താരം തന്നെയായിരുന്നു. ഒറ്റ തന്തയ്ക്ക് പിറക്കണമെന്ന ഡയലോഗാണ് സുരേഷ് ഗോപിയുടെ ഈ ആഴ്ചത്തെ ഹിറ്റ് ചാര്‍ട്ടിലുള്ളത്. മാധ്യമ പ്രവര്‍ത്തകരോടും പതിവുപോലെ ചില മാസ്സ്ഡയലോഗുകള് ഇറക്കിയായിരുന്നു സുരേഷ് ഗോപി തന്റെ പതിവ് കലാ പരിപാടികള്‍ക്ക് തുടക്കമിട്ടത്.
- മുരളീധരനെ കോണ്‍ഗ്രസിലെ ഈ ആഴ്ചത്തെ സ്റ്റാര്‍ എന്ന് തന്നെ വിശേഷിപ്പിക്കാം. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിലെ ഒറ്റപ്പെടുത്തല്‍ തുടങ്ങി നിരവധി പരാതികളുമായാണ് കെ മുരളീധരന് രംഗത്തെത്തിയത് കോണ്‍ഗ്രസ് ക്യാമ്പിനെ അല്പം ആശങ്കപ്പെടുത്തിരുന്നു. എന്നാല്‍ പരാതികള്‍ ഉണ്ടെങ്കിലും പ്രശ്നം ഒറ്റദിവസം കൊണ്ട് അസ്തമിച്ചു. ഇടയുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒറ്റ ദിവസം കൊണ്ട് മുരളീധരന് ഒതുങ്ങി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനായി പ്രചരണത്തിന് എത്തുമെന്ന് പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ മുരളീധരന് വിഷയത്തിന് പെട്ടെന്നുതന്നെ തിരശ്ശീലവീഴുകയായിരുന്നു.
- പാലക്കാട്ടെ ബി ജെ പിയില്‍ നിലനിന്നിരുന്ന ആശങ്കയായിരുന്നു മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമോ ഇല്ലയോ എന്ന്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ ശോഭാ സുരേന്ദ്രന് പാലക്കാട്ടെത്തി. ഇതോടെ ആശങ്കയൊഴിഞ്ഞെങ്കിലും ബി ജെ പിയെ കാത്ത് മറ്റൊരു ബോംബ് തൃശ്ശൂരില്‍ തയ്യാറാവുകയായിരുന്നു.
- കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരില്‍ ചാക്കുകണക്കിന് കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലാണ് ഈ വാരത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. ബി ജെ പി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലാണ് ഉണ്ടായത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ കോടികള്‍ക്ക് താന്‍ കാവല്‍ നിന്നെന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലോടെ ബി ജെ പി ക്യാമ്പില്‍ കടുത്ത ആശങ്ക ഉടലെടുത്തിരിക്കുകയാണ്. വരുന്ന ദിവസങ്ങളിലും അതിന്റെ ചൂട് ഒട്ടും ചോരാതെ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- ഈ വെളിപ്പെടുത്തലിന് പിന്നില്‍ ആരാണെന്ന ചോദ്യമാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനമായിരിക്കുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ വിവാദത്തില്‍ അകപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷനെ രക്ഷിച്ചത് സി പി ഐ എമ്മാണെന്നുള്ള ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
- ശോഭാ സുരേന്ദ്രനാണ് തിരൂര്‍ സതീഷിനെ രംഗത്തിറക്കിയതെന്ന മാധ്യമങ്ങളുടെ കണ്ടെത്തലിനെതിരെ കടുത്ത ഭാഷയിലുള്ള പ്രതിഷേധവുമായി ശോഭതന്നെ രംഗത്തെത്തി. പിണറായി വിജയന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം. വരും ദിവസങ്ങളില്‍ കത്തി പടരാന്‍ സാധ്യതയുള്ളതാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണമെന്ന് വ്യക്തമാണ്.
- ലീഗ് നേതാക്കളും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് ഈ ആഴ്ചയിലുണ്ടായ മറ്റൊരു പ്രധാന സംഭവം. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പണക്കാട് തങ്ങള്‍ സാദിക്കലി തങ്ങള്‍ക്കെതിരെ നടത്തിയ പ്രതികരണമാണ് സമസ്ത-ലീഗ് തര്‍ക്കത്തിന് വഴിമരുന്നിട്ടത്. പാണക്കാട് തങ്ങള്‍ പണ്ഡിതനല്ലെന്ന പ്രയോഗം ഉമര്‍ ഫൈസി ആവര്‍ത്തിച്ചതോടെ ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലെ വിവാദങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുമായിട്ടാണ് നേതാക്കള്‍ ഇരുവിഭാഗവും മുന്നേറുന്നത്.
- പാലക്കാടിലേയും, ചേലക്കരയിലേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ കൂടുതല്‍ കടുപ്പത്തിലായികൊണ്ടിരിക്കുകയാണ്. മൂന്നു മുന്നണികളും ശക്തമായ പോരാട്ടത്തില്‍ എത്തി നില്ക്കുന്നു. എന്തും സംഭവിക്കാവുന്ന രാഷ്ട്രീയ പിരിമുറുക്കത്തിലേക്ക് കേരള രാഷ്ട്രീയം മാറിയ ആഴ്ചയാണിപ്പോള് കടന്നുപോകുന്നത്.
- നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പറയുന്നത്. ജില്ലാ കളക്ടര്‍ കളവുപറയുന്നുവെന്ന ആരോപണവുമായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ചുഷയും രംഗത്തെത്തിയതോടെ കേസില്‍ അട്ടിമറി നടക്കുമെന്ന ആശങ്കയിലാണ് ഈ ആഴ്ച അവസാനിക്കുന്നത്.