അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തില്‍ മകള്‍ പിടിയില്‍. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് 32 കാരിയായ ടൊറിലെന മെയ് ഫീല്ഡ്സ് 86 കാരിയായ അമ്മ ട്രൂഡി ഫീല്‍ഡ്സിനെ കൊലപ്പെടുത്തി പാചകം ചെയ്തത്.
വീട്ടു ജോലിക്കാരന് വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരന് വിവരം ഉടനെ പൊലീസിലറിയിച്ചു. ഗായികയാകാന്‍ വേണ്ടിയാണ് ടൊറിലെന കാലിഫോര്‍ണിയയില്‍ എത്തുന്നത്. മന്ത്രവാദമാകാം യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.
ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചും വെടിവെച്ചുമാണ് യുവതി കൊലപ്പെടുത്തിയത്. പിന്നാലെ ചെറു കഷണങ്ങളാക്കി മുറിച്ച് അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയില്‍ രക്തക്കറ പിടിച്ച കട്ടിലുകളും ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. അടുക്കളയിലെ ഒരു പാത്രത്തില്‍ ശരീരഭാഗം പാചകം ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
സമാധാനാന്തരീക്ഷത്തിലായിരുന്നു ടൊറിലെന ജീവിച്ചിരുന്നത്. കാലിഫോര്‍ണിയയിലേക്ക് മാറിയതോടെയാണ് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതെന്നാണ് ബന്ധുക്കളുടെ പ്രതികരണം. യുവതിക്ക് കാലിഫോര്ണിയയിലായിരിക്കെ അപകടം സംഭവിച്ചിരുന്നുവെന്നും തലച്ചോറിന് ഗുരുതര പരിക്കേറ്റിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. മുമ്പ് വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത് കണ്ടിരുന്നുവെന്ന് വീട്ടിലെ ജോലിക്കാരന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.