ന്യൂഡൽഹി : പേജറുകളിൽ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തിൽ സാധ്യമാവില്ലെന്ന ടാഗോടെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തള്ളി.
കാൽക്കുലേറ്ററുകൾക്ക് സമാനമായി ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ.വി.എമ്മുകളുടേത്. മൊബൈലിന്റെ ബാറ്ററിക്ക് സമാനമല്ല ഇത്.– മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. പേജറുകൾക്ക് സമാനമായി വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുമെന്ന കോൺഗ്രസ് നേതാവ് റാഷിദ് അലവിയുടെ ആരോപണവും തെരഞ്ഞെടുപ്പ് കമീഷൻ തള്ളി.
പേജറുകൾ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഉപകരണങ്ങളാണെന്നും വോട്ടിങ് യന്ത്രങ്ങൾ അങ്ങനെയുള്ളതല്ലെന്നും കമീഷൻ അറിയിച്ചു. മൂന്നുതലങ്ങളിലുള്ള സുരക്ഷയാണ് വോട്ടിങ് യന്ത്രങ്ങൾക്കുള്ളത്. വോട്ടെടുപ്പിന് ആറ് മാസം മുമ്പ് തന്നെ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങും. വോട്ടെടുപ്പിന് ആറ് ദിവസം മുമ്പും പരിശോധനയുണ്ടാകും. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പുതിയ ബാറ്ററിയാണ് വോട്ടിങ് യന്ത്രങ്ങളിൽ ഉപയോഗിക്കുന്നത്.
എല്ലാ മിഷ്യനുകളും സീൽ ചെയ്താണ് തെരഞ്ഞെടുപ്പിനായി എത്തിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നത്. മുഴുവൻ പ്രക്രിയയും വിഡിയോയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.