കൊച്ചി : എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ നാളെ അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ വഴിയിലാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ഭാര്യ മജ്ഞുഷയുടെ ഹര്‍ജിയില്‍ നാളെ വിധിപറയാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്.
സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ കൂട്ടിലടച്ച തത്തയാണെന്നും നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായമാണ് സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. എന്നാല്‍ കേസന്വേഷണം നേരായ ദിശയിലല്ലെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആരോപണം.

സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും മറ്റു തെളിവുകള്‍ ശേഖരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തുനിന്നും വന്‍ വീഴ്ചയാണുണ്ടായതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. നവീന്‍ ബാബുവിന്റെ ഫോണ്‍കോള്‍ ലിസ്റ്റും, പ്രതിയുടെ ഫോണ്‍രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രത്യേകം സൂചിപ്പിച്ചിരുന്നു.
സി ബി ഐ അന്വേഷണമെന്ന ആവശ്യത്തെ തുടക്കം തൊട്ടുതന്നെ സിപി എമ്മും സര്‍ക്കാരും എതിര്‍ക്കുന്നത് കേസില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയ്ക്ക് തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണെന്നാണ് ഉയരുന്ന ആരോപണം. പി പി ദിവ്യയെ സംക്ഷിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും സി പി എം നേതൃത്വവും ആവര്‍ത്തിക്കുമ്പോഴും സി ബി ഐ അന്വേഷണത്തെ നഖശിഖാന്തം എതിര്‍ക്കുന്നതിന്റെ കാരണമാണ് വ്യക്തമല്ലാത്തത്.

ജില്ലാ കളക്ടറുടെ മൊഴി വ്യാജമാണെന്നുള്ള ആരോപണവും സി ബി ഐ വന്നാല്‍ തെളിയിക്കപ്പെടുമെന്ന ഭയം സര്‍ക്കാരിനെയും സി പി എമ്മിനേയും ബാധിച്ചിട്ടുണ്ടെന്നാണ് സംശയം. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്നാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
നേരത്തെ ഹര്‍ജി പരിഗണിച്ച വേളയില്‍ ഹൈക്കോടതിയും നവീന്‍ ബാബു കേസില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് നീക്കങ്ങള്‍ ഏറെ ജാഗ്രതയോടെയാവണമെന്ന തീരുമാനം സര്‍ക്കാരും സി പി എമ്മും ഈ കേസില്‍ കൈക്കൊണ്ടിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നുള്ള സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും ആവശ്യങ്ങള്‍ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.