തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാം.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.